ദക്ഷിണ കന്നഡ (കർണാടക):ഹിജാബ് വിവാദത്തിൽ വീണ്ടും കർണാടക. മംഗളൂരു യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ 12 വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിക്കാതെ കോളജ് അധികൃതർ തടഞ്ഞതോടെയാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം വീണ്ടും തലപൊക്കി തുടങ്ങിയത്. ഹിജാബ് അഴിക്കാൻ വിസമ്മതിച്ച വിദ്യാർഥികളെ സ്‌കൂൾ അധികൃതർ മടക്കി അയച്ചു.
ഹിജാബ് ധരിച്ച വിദ്യാർഥിനികൾക്ക് മംഗളുരുവിൽ കോളജിൽ പ്രവേശനം നിഷേധിച്ചു - കർണാടക ഹിജാബ് വിവാദം
മംഗളൂരു യൂണിവേഴ്‌സിറ്റി കോളജിലാണ് ഹിജാബ് ധരിച്ചെത്തിയ 12 വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിക്കാതെ കോളജ് അധികൃതർ തടഞ്ഞത്.
ഹിജാബ് വിവാദങ്ങൾക്ക് പിന്നാലെ കോളജ് തുറന്നതിന് ശേഷം ഈ വിദ്യാർഥികളെ നേരത്തെയും അധികൃതർ മടക്കി അയച്ചിരുന്നു. ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വിദ്യാർഥിനികൾ ദക്ഷിണ കന്നഡ ജില്ല കമ്മിഷണറുടെ ഓഫിസിലെത്തുകയും ജില്ല കമ്മിഷണർ ഡോ.രാജേന്ദ്ര കെ.വിക്ക് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്‌തു. ഹിജാബ് ധരിച്ച് തങ്ങളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കാൻ കോളജ് അധികൃതർക്ക് ജില്ല കമ്മിഷണർ നിർദേശം നൽകണമെന്ന് മെമ്മോറാണ്ടത്തിൽ വിദ്യാർഥിനികൾ ആവശ്യപ്പെടുന്നു.
ഉഡുപ്പി പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ നിന്നും ആരംഭിച്ച ഹിജാബ് വിവാദം അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിരുന്നു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ ഹൈക്കോടതി മൂന്ന് ജഡ്‌ജിമാരടങ്ങിയ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്‌തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ച് വിദ്യാർഥിനികൾ സമർപ്പിച്ച ഹർജി തള്ളുകയും ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ ആചാരമല്ലെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. കോടതി വിധിയെ തുടർന്ന് ക്ലാസ് മുറികളിൽ ഹിജാബ് നിർബന്ധമാക്കിക്കൊണ്ട് കർണാടക സർക്കാർ സ്‌കൂളുകൾക്കും കോളജുകൾക്കും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തു.