ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയക്കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ആം ആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്‌ക്ക് അനുമതി. രോഗബാധിതയായ ഭാര്യയെ കാണുന്നതിനാണ് ഡല്‍ഹി ഹൈക്കോടതി സിസോദിയയ്‌ക്ക് വെള്ളിയാഴ്‌ച അനുമതി നല്‍കിയത്. ഭാര്യയെ സന്ദര്‍ശിക്കാന്‍ കാലത്ത് 10 മണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് ജസ്‌റ്റിസ് ദിനേശ് കുമാര്‍ ശര്‍മ അനുമതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ സൂപ്രണ്ടിന് നിര്‍ദേശവും നല്‍കി.
സന്ദര്‍ശനത്തിന് മാത്രം അനുമതി:മൾട്ടിപ്പിൾ സ്ക്ലിറോസിസ് ബാധിച്ച ഭാര്യയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മനീഷ് സിസോദിയയ്‌ക്കായി മുതിർന്ന അഭിഭാഷകൻ മോഹിത് മാഥുർ ഇടക്കാല ജാമ്യം തേടിയത്. ഇതുപരിഗണിച്ച കോടതി സിസോദിയയെ നാളെ വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഭാര്യയെ കാണാൻ അനുവദിക്കണമെന്നുമറിയിച്ചു. മാധ്യമങ്ങളുമായും കുടുംബാംഗങ്ങളൊഴികെ മറ്റാരുമായും ആശയവിനിമയം നടത്തരുതെന്നും ഫോണോ ഇന്‍റർനെറ്റോ ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.
മാത്രമല്ല സിസോദിയയുടെ ഭാര്യയുടെ മെഡിക്കൽ രേഖകൾ പരിശോധിക്കാനും ശനിയാഴ്‌ച വൈകുന്നേരത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ഇഡിയോട് ആവശ്യപ്പെട്ടു. അതേസമയം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) സമര്‍പ്പിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മനീഷ് സിസോദിയ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയും ഇടക്കാല ജാമ്യ ഹര്‍ജിയും പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
നയം വ്യക്തമാക്കി ഇഡി:സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സിസോദിയ നേരത്തെയും ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെന്നും പിന്നീട് ഇത് പിൻവലിച്ചിരുന്നുവെന്നും ഇഡിയ്‌ക്കായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജു വാദിച്ചു. അതുകൊണ്ടുതന്നെ ഇഡിയില്‍ നിന്നും റിപ്പോർട്ട് ആവശ്യപ്പെടേണ്ട ആവശ്യമുദിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ 23 വർഷമായി സിസോദിയയുടെ ഭാര്യ രോഗാവസ്ഥയിലാണുള്ളത്.
എഎപി നേതാവും 18 വകുപ്പുകള്‍ വഹിച്ചിരുന്ന തിരക്കുള്ള മന്ത്രിയായതിനാലും വീട്ടിൽ പോകുന്നതിന് പോലും അദ്ദേഹത്തിന് സമയമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരെ പരിപാലിക്കാന്‍ ഒരു സഹായിയെ കൊണ്ട് സാധിക്കുമെന്നും കോടതിക്ക് വേണമെങ്കില്‍ അകമ്പടിയോടെ പോയി ഭാര്യയെ കാണാൻ സിസോദിയക്ക് അനുമതി നല്‍കാമെന്നും എസ്‌വി രാജു കൂട്ടിച്ചേര്‍ത്തു.
ഇഡിയുടെ പിടിവീഴുന്നത് ഇങ്ങനെ:ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഡല്‍ഹി മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് സിബിഐ അറസ്‌റ്റ് ചെയ്‌യുന്നത്. കേസില്‍ കേസില്‍ 26ാം പ്രതിയായ മനീഷ് സിസോദിയയ്‌ക്കെതിരെ സിബിഐ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. തൊട്ടുപിന്നാലെ മദ്യനയ രൂപീകരണത്തിന് പിന്നിലെ കള്ളപ്പണം വെളിപ്പിക്കല്‍ ആരോപിച്ച് മാര്‍ച്ച് ഒമ്പതിന് സിസോദിയയെ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഇഡി തൊട്ടുപിന്നാലെ അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.
2,100 പേജിലധികം വരുന്ന അനുബന്ധ കുറ്റപത്രം ഇഡിയ്‌ക്കായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നവീൻ കുമാർ മട്ടയാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഓപറേറ്റിങ് പാര്‍ട്ടിനെ കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ഇതിലെ 271 പേജുകള്‍. മാത്രമല്ല കേവലം 60 ദിവസങ്ങള്‍ മാത്രമെടുത്താണ് ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. മനീഷ് സിസോദിയ ഏതാണ്ട് 622 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും അനുബന്ധ കുറ്റപത്രത്തില്‍ ഇഡി ആരോപിച്ചിരുന്നു.