തെന്നിന്ത്യയുടെ പ്രിയതാരം, നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ഹായ് നാണ്ണാ'യിലെ ആദ്യ ഗാനം പുറത്ത് (Hi Nanna first song out). 'ഹൃദയമേ...' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവന്നത് (Hi Nanna Hridayame Lyrical Video). ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃണാൽ താക്കൂറാണ് നായികയായി എത്തുന്നത്. നാനിയും മൃണാലും ഒന്നിക്കുന്ന പ്രണയഗാനം പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ (Nani, Mrunal Thakur Starring Hi Nanna). അനന്ത ശ്രീരാമിന്‍റെ വരികൾക്ക് മലയാളിയായ ഹിഷാം അബ്‌ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. അനുരാഗ് കുൽക്കർണിക്കൊപ്പം മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്‌ണകുമാറും ചേർന്നാണ് ആലാപനം.
വൈര എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ ബാനറിൽ മോഹൻ ചെറുകുരിയും ഡോ. വിജേന്ദർ റെഡ്ഢി ടീഗലയും ചേർന്നാണ് 'ഹായ് നാണ്ണാ' എന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന 'ഹായ് നാണ്ണാ' അച്ഛൻ മകൾ ബന്ധത്തിന്‍റെ ഊഷ്‌മളമായ കഥയാണ് പറയുന്നത്.
തെലുഗുവിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. തെലുഗു, തമിഴ്, കന്നഡ ഭാഷകളിൽ 'ഹായ് നാണ്ണാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ഹായ് പപ്പ' എന്ന പേരിലാണ് പ്രേക്ഷകർക്കരികിൽ എത്തുക. ഒരു മുഴുനീള ഫാമിലി എന്‍റർടെയ്‌നർ തന്നെയാകും ഈ ചിത്രമെന്നുറപ്പ്.