ന്യൂഡൽഹി:കർഷകരുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധത്തിന്‍റെ ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷ. ക്രമസമാധാനം പാലിക്കുന്നതിനായി 50,000ത്തോളം പൊലീസ്, അർധസൈനിക, റിസർവ് ഫോഴ്‌സ് ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിപ്പിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ചെങ്കോട്ടയിൽ ഉൾപ്പെടെ സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. 12 ഓളം മെട്രോ സ്റ്റേഷനുകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റോഡുകളിൽ ഉടനീളം ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചു കഴിഞ്ഞു.
കർഷകരുടെ ദേശീയ പാത ഉപരോധം; ഡൽഹിയിൽ കനത്ത സുരക്ഷ - കർഷക പ്രക്ഷോഭം
50,000ത്തോളം പൊലീസ്, അർധസൈനിക, റിസർവ് ഫോഴ്‌സ് ഉദ്യോഗസ്ഥരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിപ്പിച്ചിരിക്കുന്നത്
രാജ്യവ്യാപകമായി 'ചക്കാ ജാം' എന്ന പേരിൽ ഉപരോധം സംഘടിപ്പിക്കുമെന്ന് കർഷക സംഘടനകൾ തിങ്കളാഴ്‌ചയാണ് അറിയിച്ചത്. സമാധാനപരമായ ഉപരോധം നടത്താനും, ഉദ്യോഗസ്ഥർക്കോ ജനങ്ങൾക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രക്ഷോഭ മേഖലകളിൽ അടിയന്തര സർവീസുകൾ മാത്രമാണ് അനുവദിക്കുക. ഇന്ന് പകൽ 12 മണി മുതൽ മൂന്ന് മണിവരെയാണ് ഉപരോധം നടക്കുക. ഡൽഹി എൻസിആർ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന പാതകള്‍ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.