മംഗളൂരു: ബൈപ്പാസ് ശസ്‌ത്രക്രിയയിലൂടെയല്ലാതെ ഹൃദയവാല്‍വ് മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടന്നു. കെനിയയില്‍ നിന്നുള്ള വിദേശ വനിതയ്‌ക്കാണ് ഇത്തരത്തില്‍ അപൂര്‍വമായ ഒരു ശസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതര്‍.
ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ കെനിയന്‍ വനിത 65 വയസുള്ള കെനിയന്‍ വനിതയ്‌ക്ക് മിട്രല്‍ വാല്‍വ് എന്ന ഹൃദയസംബന്ധമായ രോഗം പിടിപ്പെട്ടിരുന്നു. 2014ല്‍ അഹമ്മദാബാദില്‍ ഒരു ബൈപ്പാസ് ശസ്‌ത്രക്രിയയ്‌ക്ക് ഇവര്‍ വിധേയയായിരുന്നു. തുടര്‍ന്ന് കൃത്രിമമായ ഒരു വാല്‍വ് ഹൃദയത്തില്‍ വച്ചുപിടിപ്പിച്ചു.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൃത്രിമ വാല്‍വ് പ്രവര്‍ത്തനക്ഷമമല്ലാതെ വന്നതിനെ തുടര്‍ന്ന് ഹൃദ്രോഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് ശ്വാസതടസവും രക്തസമ്മര്‍ദവും ഇവര്‍ക്ക് നേരിടേണ്ടതായി വന്നു. ഈ അവസരത്തില്‍ നേരത്തെ ശസ്‌ത്രക്രിയ നടത്തിയ അഹമ്മദാബാദ് ആശുപത്രിയിലെ ഡോക്‌ടറുമായി കൂടിക്കാഴ്‌ച നടത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ബൈപ്പാസ് ശസ്‌ത്രക്രിയ നടത്താമെന്ന് ഡോക്‌ടര്‍ പറഞ്ഞു.
എന്നാല്‍, രണ്ടാമതും ബൈപ്പാസ് ശസ്‌ത്രക്രിയ നടത്തുന്നത് ആപത്താണെന്നും അതിജീവിക്കാന്‍ പ്രയാസകരമായിരിക്കുമെന്നും ഡോക്‌ടര്‍ അഭിപ്രായപ്പെട്ടു. ചികിത്സയ്‌ക്കായി മറ്റെന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് അവര്‍ മംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാന ആശുപത്രിയെക്കുറിച്ച് അറിയുകയും ചികിത്സയ്‌ക്ക് എത്തുകയും ചെയ്യുന്നത്. തുടര്‍ന്ന് പരിശോധനയ്‌ക്ക് ശേഷം ആശുപത്രിയിലെ ഡോക്‌ടര്‍ യൂസഫ് കുംബ്ലെയും സംഘവും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബൈപ്പാസ് ശസ്‌ത്രക്രിയ കൂടാതെ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തി.
ഇന്‍റർവെൻഷണൽ ടെക്‌നിക് (പഴയ വാൽവ് നീക്കം ചെയ്യാതെ മറ്റൊരു വാൽവ് മാറ്റിസ്ഥാപിക്കുന്ന ചികിത്സ) ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ഇത്തരം ചികിത്സയെ വാല്‍വ്-ഇന്‍-വാല്‍വ് സമ്പ്രദായം എന്നും വിളിക്കുമെന്ന് ഡോക്‌ടര്‍ യൂസഫ് കുംബ്ലെ പറഞ്ഞു. കൃത്രിമമായ പള്‍മനറി വാല്‍വിന്‍റെ ഉള്ളില്‍ പുതിയ വാല്‍വ് വച്ചുപിടിപ്പിക്കുന്നതാണ് ചികിത്സയുടെ പ്രക്രിയ.
ട്രാൻസ്‌കത്തീറ്റർ പൾമണറി വാൽവ് റിപ്ലൈസ്മെന്‍റ് എന്ന് മറ്റൊരു പേരും ഈ ചികിത്സയ്‌ക്കുണ്ട്. മറ്റ് ശസ്‌ത്രക്രിയകള്‍ കൂടാതെ തന്നെ കാലിലൂടെ ഹൃദയത്തിനുള്ളിലേക്ക് വാല്‍വ് കടത്തിവിട്ടാണ് അപൂര്‍വമായ ഈ ശസ്‌ത്രക്രിയ നടത്തുന്നത്. ഇത്തരം ചികിത്സയ്‌ക്ക് വിധേയായ വിദേശ വനിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു കഴിഞ്ഞുവെന്ന് ഡോക്‌ടര്‍ യൂസഫ് കുംബ്ലെ ഇടിവി ഭാരതിനോട് പറഞ്ഞു.
വെറും ഒരു മണിക്കൂര്‍ മാത്രം ചിലവഴിച്ച് ശസ്‌ത്രക്രിയ നടത്തി തന്‍റെ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്തിച്ച ഡോക്‌ടറിനും സംഘത്തിനും വിദേശവനിത നന്ദി അറിയിക്കുകയും ചെയ്‌തു.