ഗദഗ് (കർണാടക): മുഹമ്മദ് നബിയെ കുറിച്ച് സർക്കാർ സ്‌കൂളിൽ ഉപന്യാസ മത്സരം നടത്തിയ സംഭവത്തിൽ കർണാടകയിൽ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്‌തു. ഗദഗ് ജില്ലയിലെ നാഗമി ഗ്രാമത്തിലുള്ള ഗവൺമെന്‍റ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനായ അബ്‌ദുൽ മുനാഫ് ബീജാപൂരിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. സർക്കാർ നിർദേശമില്ലാതെയും അധ്യാപകരുടെ അറിവില്ലാതെയുമാണ് ഉപന്യാസ മത്സരം നടത്തിയതെന്നാണ് ആരോപണം.
മുഹമ്മദ് നബിയെ കുറിച്ച് ഉപന്യാസ മത്സരം: കർണാടകയിൽ പ്രധാനാധ്യാപകന് നേരെ പ്രതിഷേധം ഗദഗ് സ്വദേശിയായ ജുനൈദ് സാബ് ഉമചാഗി എന്നയാൾ സ്‌കൂളിലെത്തി പ്രവാചകനെ കുറിച്ചുള്ള പുസ്‌തകങ്ങൾ 43 വിദ്യാർഥികൾക്ക് വിതരണം ചെയ്‌തു. തുടർന്ന് പ്രധാനാധ്യാപകനായ അബ്‌ദുൽ മുനാഫ് പ്രവാചകനെ കുറിച്ച് ഉപന്യാസ മത്സരം സംഘടിപ്പിക്കുകയായിരുന്നു. ഏറ്റവും മികച്ച ഉപന്യാസത്തിന് സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ കുട്ടികളുടെ കൈയിൽ പുസ്‌തകം കണ്ട് ശ്രീരാമ സേന പ്രവർത്തകരെ അറിയിച്ചു. വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ ശ്രീരാമ സേന പ്രവർത്തകർ അബ്‌ദുൽ മുനാഫിനെ മർദിക്കുകയും സ്‌കൂൾ വളപ്പിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തു.
സംഭവമറിഞ്ഞ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസറും ഗ്രാമീൺ താന പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ കൈകാര്യം ചെയ്‌തു. തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണൽ കമ്മിഷണർ സിദ്രാമപ്പ എസ്.ബിരാദാര അബ്‌ദുൽ മുനാഫിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ പ്രധാനാധ്യാപകന്‍റെ മേലുള്ള ആരോപണങ്ങൾ പ്രഥമദൃഷ്‌ട്യാ തെളിഞ്ഞെന്നും അതിനാലാണ് സസ്പെൻഡ് ചെയ്‌തതതെന്നും സിദ്രാമപ്പ പറഞ്ഞു.