ഛണ്ഡിഗഡ്: കൊവാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിൽ ആദ്യ സന്നദ്ധപ്രവർത്തകനാകാൻ തയ്യാറെടുത്ത് ഹരിയാനയിലെ ആരോഗ്യമന്ത്രി അനിൽ വിജ്. മുതിർന്ന ബിജെപി നേതാവും 67കാരനുമായ മന്ത്രി അംബാല സിവിൽ ആശുപത്രിയിൽ നിന്നും വാക്‌സിന്‍റെ ട്രയൽ ഡോസ് രാവിലെ 11 മണിയോടെ സ്വീകരിക്കും. കൊവിഡിനെതിരെ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം നവംബർ 20ന് സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ബുധനാഴ്‌ച അദ്ദേഹം അറിയിച്ചിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയമായി വാക്‌സിൻ വികസിപ്പിച്ചത്.
ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് ഇന്ന് കൊവാക്‌സിൻ സ്വീകരിക്കും
ഇന്ത്യയിലെ 25 കേന്ദ്രങ്ങളിലായി 26,000 സന്നദ്ധപ്രവർത്തകർ കൊവാക്‌സിന്‍റെ മൂന്നാം ഘട്ട ട്രയലിൽ ഉൾപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മന്ത്രി വാക്‌സിൻ സ്വീകരിക്കുന്നത്
Haryana
വാക്‌സിന്‍റെ ഒന്ന്, രണ്ട് പരീക്ഷണ ഘട്ടങ്ങളുടെ വിശകലനം വിജയകരമായി പൂർത്തിയാക്കിയതായും മൂന്നാം ഘട്ട പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്നും കഴിഞ്ഞ മാസം ഭാരത് ബയോടെക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ 25 കേന്ദ്രങ്ങളിലായി 26,000 സന്നദ്ധപ്രവർത്തകർ മൂന്നാം ഘട്ട ട്രയലിൽ ഉൾപ്പെടുമെന്നും ഭാരത് ബയോടെക് അറിയിച്ചു. കൊവിഡിനെതിരെ വാക്‌സിൻ കണ്ടെത്തുന്നതിനായി ഇന്ത്യയിൽ നടത്തിയ ഏറ്റവും വലിയ ക്ലിനിക്കൽ പരീക്ഷണമാണ് കൊവാക്‌സിൻ.