ചണ്ഡീഗഢ്:കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിക്കെതിരായി പ്രതിഷേധം കനത്ത സാഹചര്യത്തില്‍ മുൻകരുതൽ നടപടിയുമായി ഹരിയാന സർക്കാർ. ഫരീദാബാദിലെ ബല്ലഭ്‌ഗഡ് പ്രദേശത്ത് ഇന്‍റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾ നിരോധിച്ചു. 24 മണിക്കൂർ സമയത്തേക്കാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ നടപടി.
പൽവാല്‍ ജില്ലയില്‍ അക്രമാസക്തമായ പ്രതിഷേധമാണ് നടന്നത്. വെളളിയാഴ്‌ച അര്‍ധരാത്രിയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ക്രമസമാധാനം സംരക്ഷിക്കാനും വ്യാജവാര്‍ത്തകള്‍ ഒഴിവാക്കാനുമാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം. ബല്ലഭ്‌ഗഡ് സബ് ഡിവിഷനിൽ ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് വകുപ്പ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിലെ സെക്ഷൻ അഞ്ച് പ്രകാരം, 1885 ടെലികോം സേവനങ്ങള്‍ താത്‌കാലികമായി നിര്‍ത്തലാക്കല്‍ ചട്ടങ്ങളുടെ (2) റൂൾ പ്രകാരമാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഇതുസംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.
ആളിക്കത്തി ഉത്തരേന്ത്യ:മൂന്നാം ദിവസത്തിലേക്ക് കടക്കുന്ന സമരം കൂടുതൽ അക്രമാസക്തമാവുകയാണ്. ഉത്തരേന്ത്യയിൽ ബിഹാറിലും, യു.പിയിലും പരക്കെ അക്രമം റിപ്പോർട്ട് ചെയ്‌തു. ബിഹാറിൽ മൂന്ന് ട്രെയിനുകള്‍ പ്രതിഷേധക്കാർ വെള്ളിയാഴ്‌ച അഗ്നിക്കിരയാക്കി. ജമ്മുതാവി-ഗുവാഹത്തി എക്‌സ്‌പ്രസ്, വിക്രംശില എക്‌സ്‌പ്രസ്, സമസ്‌തിപൂർ, ദർബങ്ക സ്‌റ്റേഷനുകളിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകളുമാണ് സമരക്കാർ തീവച്ചത്. ബക്‌സറിൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കിന് തീയിട്ടു.
ലക്‌മീനിയ റെയിൽവേ സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. മുസഫർപൂരിൽ ദേശീയ പതാകയുമായി വിദ്യാർഥികള്‍ പ്രതിഷേധം നടത്തി. ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷന് നേരെയും പ്രതിഷേധമുണ്ടായി. സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിലും പ്രതിഷേധം കനക്കുന്നതായാണ് റിപ്പോർട്ടുകള്‍. രാജസ്ഥാൻ, ജമ്മു കശ്‌മീർ എന്നിവിടങ്ങളിലേക്കും പ്രതിഷേധം വ്യാപിക്കുന്നതായാണ് സൂചന.
ALSO READ|പ്രതിഷേധാഗ്നിയില്‍ ആളിക്കത്തി ഉത്തരേന്ത്യ: മൂന്ന് ട്രെയിനുകള്‍ക്ക് തീയിട്ടു, പരക്കെ അക്രമം