ഗാന്ധിനഗര്‍ (ഗുജറാത്ത്) :കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച ഗുജറാത്ത് പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍ ഇനി മുതല്‍ ബിജെപിക്കൊപ്പം. 'ഇന്ന് മുതൽ ഒരു പുതിയ അധ്യായം തുടങ്ങാൻ പോകുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കുന്നതിനായി ബിജെപിയിലെ ഒരു ചെറിയ സൈനികനായി പ്രവർത്തിക്കും' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 2017ലെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പട്ടീദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതോടെയാണ് ഹാർദിക് പട്ടേല്‍ രാഷ്ട്രീയത്തില്‍ സജീവമായത്.
തുടക്കത്തിൽ, പട്ടേൽ പാട്ടീദാർ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് സംവരണം വേണമെന്ന ആവശ്യത്തിലേക്കെത്തി. വിഷയത്തില്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ഹാർദിക് പ്രക്ഷോഭം ഉണ്ടാക്കുന്നുവെന്നാരോപിച്ച് കെസെടുത്തു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ പട്ടേൽ കോൺഗ്രസിൽ ചേർന്നു.