ന്യൂഡൽഹി : 400 ദശലക്ഷം ട്വിറ്റർ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഹാക്കർ. ഇസ്രയേൽ സൈബർ ഇന്‍റലിജൻസ് സ്ഥാപനമായ ഹഡ്‌സൺ റോക്ക് പറയുന്നതനുസരിച്ച്, ഉയർന്ന പ്രൊഫൈൽ ഉപയോക്താക്കളുടെ ഇ മെയിലുകളും ഫോൺ നമ്പറുകളും ഉൾപ്പടെയുള്ള വിവരങ്ങൾ ഹാക്കർ മോഷ്‌ടിച്ച ഡാറ്റാബേസിൽ ഉൾപ്പെടുന്നുണ്ട്. ചോർത്തിയെന്ന് പറയപ്പെടുന്ന വിവരങ്ങൾ ഒരു ഡാർക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചതായും ഹാക്കർ അവകാശപ്പെട്ടു.
അത്തരം വിവരങ്ങൾ ഉൾപ്പെട്ട ഹാക്കറുടെ പോസ്റ്റിന്‍റെ ചിത്രങ്ങൾ ഹഡ്‌സൺ റോക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടന, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അമേരിക്കൻ ഗായകൻ ചാർളി പുത് എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും കവര്‍ന്നതായും ഹാക്കര്‍ അവകാശപ്പെടുന്നു.
'ഞാൻ 400ദശലക്ഷം, ട്വിറ്റർ ഉപയോക്താക്കളുടെ ഡാറ്റ വിൽക്കുന്നു. ഇത്രയും ഡാറ്റ പൂർണമായും സ്വകാര്യമാണ്. ട്വിറ്റർ അല്ലെങ്കിൽ ഇലോൺ മസ്‌ക്, 54 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ഡാറ്റ ചോർച്ചയ്‌ക്ക് നിങ്ങൾ ഇതിനകം തന്നെ ജിഡിപിആർ പിഴ അടക്കേണ്ട സാഹചര്യമാണ്. ഇനി 400 ദശലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ചോർച്ചയ്ക്ക് കൂടി പിഴ അടയ്‌ക്കാൻ തയ്യാറായിക്കോളൂ' - ഹാക്കർ തന്‍റെ പോസ്റ്റിൽ എഴുതി.
ഇലോൺ മസ്‌കിനുമുന്നില്‍ കരാർ വച്ച് ഹാക്കർ : ഡാറ്റ മോഷ്‌ടിച്ചതായി അവകാശപ്പെടുന്ന ഹാക്കർ ട്വിറ്ററിന് മുന്‍പാകെ വച്ച കരാര്‍ ഇതാണ്. 'ഫേസ്ബുക്ക് ചെയ്‌തതുപോലുള്ള സിഡിപിആർ ലംഘന പിഴയായി 2.76 മില്യൺ ഡോളർ അടയ്‌ക്കുന്നത് ഒഴിവാക്കാനുള്ള വഴി ഈ ഡാറ്റ പ്രത്യേകമായി വാങ്ങുക എന്നതാണ്'. ഏത് ഇടനിലക്കാരെയും കാണാമെന്നും ഈ ഭീഷണി ഒഴിവാക്കി വിവരങ്ങൾ വിൽക്കുന്നതിൽ നിന്ന് പിന്മാറാൻ ഒരുക്കമാണെന്നും ഹാക്കർ പറയുന്നു.
ട്വിറ്ററിൽ സംഭവിക്കുന്നതെന്ത് ? ഇലോൺ മസ്‌ക് സിഇഒ ആയി ചുമതലയേറ്റ ശേഷം നിരവധി വിവാദങ്ങളാണ് ട്വിറ്ററിനെ സംബന്ധിച്ചുണ്ടായത്. ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രമോട്ട് ചെയ്യാൻ ഉപയോഗിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് ട്വിറ്റർ ഞായറാഴ്‌ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വോട്ടെടുപ്പ് നടത്തിയത്. ട്വിറ്ററിലെ പ്രധാന നയംമാറ്റങ്ങളുടെ പേരിൽ വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മസ്‌ക് പുതിയ മാറ്റം കൊണ്ടുവന്നത്. കൂടാതെ മസ്‌കിനെ വിമർശിച്ച ചില മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.
'ട്വിറ്റർ മേധ്വാവിത്വം ഒഴിയണോ ?' : ട്വിറ്റർ മേധാവിത്വം ഒഴിയണോ എന്ന ചോദ്യവുമായി ഇലോൺ മസ്‌ക് അടുത്തിടെ നടത്തിയ പോളിൽ ഭൂരിപക്ഷം ഉപയോക്താക്കളും അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു. ഉപയോക്താക്കളുടെ ആഗ്രഹം എന്തായാലും അത് പാലിക്കുമെന്ന് മസ്‌ക് അതോടൊപ്പം ട്വിറ്ററിൽ കുറിച്ചു. ഇതേ തുടർന്ന് ഈ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്‌ഢിയായ ഒരാളെ കണ്ടെത്തിയാൽ ഞാൻ രാജി വയ്‌ക്കും' - എന്ന് മസ്‌ക് മറുപടി നൽകി.
ട്വിറ്റർ എനിക്ക് തരുമോ ? : ഇതിന് പിന്നാലെ ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് കമ്പ്യൂട്ടർ വിദഗ്‌ധൻ ഡോ. ശിവ അയ്യാദുരൈ രംഗത്തെത്തി. 'എനിക്ക് എംഐടിയിൽ നിന്ന് നാല് ഡിഗ്രികളുണ്ട്, കൂടാതെ ഏഴ് ഹൈടെക് സോഫ്‌റ്റ് വെയർ കമ്പനികൾ സൃഷ്‌ടിച്ചിട്ടുമുണ്ട്. ട്വിറ്റർ സിഇഒ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള പ്രക്രിയയെക്കുറിച്ച് ദയവായി അറിയിക്കുക' - എന്നതായിരുന്നു അയ്യാദുരൈയുടെ ട്വീറ്റ്.