ഹൈദരാബാദ് : രാജ്യത്ത് ഭീതി പടര്‍ത്തി എച്ച് 3 എന്‍ 2 കേസുകള്‍ വര്‍ധിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എച്ച് 3 എന്‍ 2 ബാധിച്ച് രാജ്യത്ത് രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ ഇന്‍ഫ്ലുവന്‍സ രോഗബാധിതരുടെയും ശ്വാസകോശ രോഗികളുടെയും അനുപാതം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളോട് നേരത്തെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി എച്ച് 3 എന്‍ 2 ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ്, പാലാ, കങ്ങഴ എന്നിവിടങ്ങളില്‍ ഉള്ളവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 10 പേര്‍ക്ക് എച്ച് 3 എന്‍ 2 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉള്ളവര്‍ക്കായിരുന്നു വൈറസ് ബാധ. ഇതേ തുടര്‍ന്ന് പനിയ്‌ക്ക് ചികിത്സ തേടി ആശുപത്രിയില്‍ എത്തുന്നവരില്‍ ഇന്‍ഫ്ലുവന്‍സ കൂടി പരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കുകയുണ്ടായി.
ഒഡിഷയില്‍ എച്ച് 3 എന്‍ 2 കേസുകള്‍ ഉയരുന്നു :അതേസമയം ഞെട്ടിക്കുന്ന കണക്കുകളാണ് ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. ഒഡിഷയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 59 എച്ച് 3 എന്‍ 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ശേഖരിച്ച 225 സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 59 പേര്‍ക്ക് എച്ച് 3 എന്‍ 2 സ്ഥിരീകരിച്ചതെന്ന് ഒഡിഷ ആരോഗ്യ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്‍ഫ്ലുവന്‍സ വൈറസ് ബാധ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് ഒഡിഷ ആരോഗ്യ സെക്രട്ടറി ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്‍ഫ്ലുവന്‍സ പോലുള്ള രോഗങ്ങളും (ILI- Influenza-Like Illness) ഗുരുതരമായ ശ്വാസകോശ രോഗങ്ങളും കാര്യക്ഷമമായി നിരീക്ഷിക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ജനങ്ങളോട് മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും ഒഡിഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Also Read: രാജ്യം എച്ച് 3 എൻ 2 വൈറസ് ഭീതിയില്‍; അറിയാം വിശദാംശങ്ങള്‍, അനിവാര്യം മുന്‍കരുതല്‍
കൈകള്‍ കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക, തിരക്കുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക തുടങ്ങി കൊവിഡ് സാഹചര്യത്തില്‍ പാലിച്ച മുന്‍കരുതല്‍ രീതികള്‍ പിന്തുടരാനാണ് നിര്‍ദേശം. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് പതിവായി സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.
ഗുജറാത്തിലും പുതിയ കേസുകള്‍ : അതേസമയം ഗുജറാത്തില്‍ മൂന്ന് പുതിയ എച്ച് 3 എന്‍ 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. വെള്ളിയാഴ്‌ച വരെയുള്ള കണക്കുകള്‍ പ്രകാരം 77 കേസുകളാണ് ഇതിനോടകം ഗുജറാത്തില്‍ സ്ഥിരീകരിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പുതിയ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പനി ബാധിച്ചവരെ നിരീക്ഷിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ താലൂക്ക് അടിസ്ഥാനത്തില്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതായി ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു.
പനി ബാധിച്ചവര്‍ക്ക് പിഎച്ച്സികളിലും സിഎച്ച്സികളിലും ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്‍ഫ്ലുവന്‍സ വൈറസിന് ആവശ്യമായ മരുന്നുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും താലൂക്കുകളിലും എത്തിച്ചതായും ഗുജറാത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് ഒമ്പതുവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് എച്ച് 3 എന്‍ 2 ഉള്‍പ്പടെ വിവിധ വൈറസ് രോഗങ്ങള്‍ ബാധിച്ചവര്‍ 3,0338 പേരാണ്.
മാര്‍ച്ച് അവസാനത്തോടെ കേസുകള്‍ കുറയുമെന്ന് നിഗമനം : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കർണാടകയിലും ഹരിയാനയിലും എച്ച് 3 എൻ 2 ഇൻഫ്ലുവൻസ ബാധിച്ച് ഓരോ മരണം വീതം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ആളൂരിലാണ് ആദ്യത്തെ എച്ച് 3 എന്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്‌തത്.എച്ച് 3 എന്‍ 2 വ്യാപനം മാര്‍ച്ച് മാസം അവസാനത്തോടെ കുറയുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
എച്ച് 3 എന്‍ 2 കൂടാതെ എച്ച് 1 എന്‍ 1ഉം ആശങ്ക ഉണ്ടാക്കുന്നു. കേരളത്തില്‍ എച്ച് 1 എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. പാലക്കാട്, എറണാകുളം, ആലപ്പുഴ, കോട്ടയം തിരുവനന്തപുരം എന്നീ ജില്ലകളിലാണ് എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.