മൈസൂരു : ബിജെപിയില്‍ ചേരാന്‍ യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര പണം വാഗ്‌ദാനം ചെയ്‌തിരുന്നതായി പാര്‍ട്ടി എംഎല്‍സി എച്ച് വിശ്വനാഥ്. വിജയേന്ദ്ര പണം വാഗ്‌ദാനം ചെയ്യുന്ന സമയം മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയും ബിജെപിയുടെ പാര്‍ലമെന്‍റ് അംഗം ശ്രീനിവാസ് പ്രസാദും ഒപ്പമുണ്ടായിരുന്നതായും വിശ്വനാഥ് പറഞ്ഞു.
'വിജയേന്ദ്രയുടെ ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്‍റില്‍വച്ചാണ് യെദ്യൂരപ്പയുടെ സാന്നിധ്യത്തില്‍ പണം വാഗ്‌ദാനം ചെയ്‌തത്. ഈ വിഷയം എന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുസ്‌തകമായ 'ബോംബെ ഡെയ്‌സി'ന്‍റെ ആദ്യ അധ്യായത്തില്‍ പറയുന്നുണ്ട്' - എച്ച് വിശ്വനാഥ് വ്യക്തമാക്കി.
ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റായിരുന്നു വിശ്വനാഥ്. രാജിവച്ച് ബിജെപിയിൽ ചേരാൻ ശ്രീനിവാസ് പ്രസാദ് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ഇതിനായി യെദ്യൂരപ്പയുടെ മകന്‍ വിജയേന്ദ്ര പണം വാഗ്‌ദാനം ചെയ്‌തെന്നുമാണ് ആരോപണം. മാധ്യമങ്ങള്‍ക്ക് മുന്നിലാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
പണം കൈപ്പറ്റിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിശദമായ വിവരങ്ങള്‍ തന്‍റെ 'ബോംബെ ഡെയ്‌സ്' എന്ന പുസ്‌തകത്തില്‍ ഉണ്ടെന്നും ആസന്നമായ തെരഞ്ഞെടുപ്പോടെ പുറത്തിറങ്ങുമെന്നും അദ്ദേഹം മറുപടി നല്‍കി.
'ഞാൻ ബിജെപിയിൽ ചേർന്നതിന് ശേഷം എന്നോട് അവര്‍ നന്നായി പെരുമാറിയില്ല. ഉപതെരഞ്ഞെടുപ്പിൽ തോറ്റശേഷം യെദ്യൂരപ്പ എന്നെ എംഎൽസിയാക്കാൻ മടിച്ചു. ആ അവസരത്തിൽ ആർഎസ്എസിലെ മുകുന്ദ് ബിജെപിയുടെ എംഎൽസി പട്ടികയിൽ എന്‍റെ പേര് ഉൾപ്പെടുത്തി. ഉപതെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ഒരു ബിജെപി നേതാവും സഹായത്തിനെത്തിയില്ല’ - വിശ്വനാഥ് പറഞ്ഞു.
വിശ്വനാഥിനെ രാഷ്‌ട്രീയ നാടോടിയെന്ന് ശ്രീനിവാസ് പ്രസാദ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ ശ്രീനിവാസ് തന്നെ പലതവണ പാര്‍ട്ടി മാറിയെന്നും ഒരേ സംഘടനയില്‍ തന്നെ രണ്ടുതവണ ചേര്‍ന്നിട്ടുണ്ടെന്നും വിശ്വനാഥ് കുറ്റപ്പെടുത്തി. നാടോടി രാഷ്‌ട്രീയക്കാരുടെ രാജാവാണ് ശ്രീനിവാസ് പ്രസാദെന്നും വിശ്വനാഥ് വിമർശിച്ചു.
'ഞാൻ ഒരു കോൺഗ്രസ് നേതാവിനെയും രഹസ്യമായി കണ്ടിട്ടില്ല. നേരിട്ടുള്ള കൂടിക്കാഴ്‌ചകള്‍ മാധ്യമങ്ങള്‍ക്ക് അറിയാവുന്നതുമാണ്. ഞാൻ വർഷങ്ങളോളം കോൺഗ്രസിൽ ഉണ്ടായിരുന്നു. എനിക്ക് ധാരാളം കോൺഗ്രസ് സുഹൃത്തുക്കളുണ്ട്. മല്ലികാർജുന ഖാർഗെ, ഡി കെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരെ കണ്ടത് രഹസ്യമായല്ല. കോൺഗ്രസിൽ ചേരുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോൾ ഞാൻ ബിജെപി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമാണ്' - വിശ്വനാഥ് പറഞ്ഞു.
മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും 2023 ലെ തെരഞ്ഞെടുപ്പിൽ എന്ത് സംഭവിക്കുമെന്ന് ഒരുപിടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാര്‍ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് ലഭിക്കാൻ പണമെറിഞ്ഞ് വരിനില്‍ക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ ഭയം തോന്നുന്നതായും വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.