ഹൈദരാബാദ്:20 വര്‍ഷത്തിന്‍റെ കാത്തിരിപ്പും വീട്ടേണ്ടുന്ന പകയുടെ ഭാരവുമായി ഇന്ത്യ ഞായറാഴ്‌ച (19.11.2023) ലോകകപ്പ് ഫൈനലിനിറങ്ങുകയാണ്. ടൂര്‍ണമെന്‍റിലുടനീളം തുടര്‍ന്ന മികച്ച ഫോമും ഒത്തിണക്കവും ലോകകിരീടത്തില്‍ മുത്തമിടാന്‍ ടീമിനെ പ്രാപ്‌തമാക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകരും. ടീം ലോകകപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷകളും പ്രവചനങ്ങളുമായി ഇതിനോടകം തന്നെ നിരവധി ഇതിഹാസ താരങ്ങളാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത്.
ഇവരില്‍ എല്ലാവര്‍ക്കും പറയാനുള്ളത് ഇന്ത്യന്‍ നിരയിലെ ടീം സ്‌പിരിറ്റും രോഹിത് എന്ന നായകന്‍റെ ക്യാപ്‌റ്റന്‍സി മികവും വിരാട് കോഹ്‌ലി എന്ന അതുല്യ താരത്തിന്‍റെ മിന്നും ഫോമുമെല്ലാമാണ്. ഇവരെല്ലാം പറഞ്ഞതിന്‍റെ ആവര്‍ത്തനമാണെങ്കില്‍ കൂടി ഇന്ത്യന്‍ നിരയുടെ പ്രകടനവും സാധ്യതകളും കരുത്തും വിശകലനം ചെയ്യുകയാണ് ഒരുകാലത്ത് ഇന്ത്യയുടെ എണ്ണംപറഞ്ഞ ബാറ്റര്‍മാരില്‍ ഒരാളായിരുന്ന ഗുണ്ടപ്പ വിശ്വനാഥും. നിലവില്‍ സ്‌റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ കന്നഡ ക്രിക്കറ്റ് വിദഗ്‌ധനും കമന്‍റേറ്ററുമായ ഗുണ്ടപ്പ വിശ്വനാഥ് ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍.
ഇത് ചരിത്ര ടീം:ഞാന്‍ കണ്ടിടത്തോളം ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം ഒരു ടീമും പുറത്തെടുത്തിട്ടില്ല. 1975 ലും 1979 ലും മികച്ച താരനിരയുണ്ടായിരുന്ന വെസ്‌റ്റ് ഇന്‍ഡീസ് ടീം പോലും മത്സരം തോറ്റിരുന്നു. എന്നാല്‍ ഇന്ത്യ നിലവില്‍ അത്‌ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഇത് ഒരു മേഖലയില്‍ മാത്രമല്ല, ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങിയ എല്ലാ മേഖലയിലും നമ്മളുടേത് ശക്തമായ ടീമാണെന്ന് ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു.
1970-80 കാലഘട്ടങ്ങളില്‍ ഞങ്ങൾ ഒരു ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റ് നടത്തിയിരുന്നോ എന്നുപോലും ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ നിലവില്‍ മികച്ച നിലവാരത്തിലുള്ള ആഭ്യന്തര മത്സരങ്ങള്‍ നടക്കുന്നത് വഴി അന്താരാഷ്‌ട്ര ടീമുകളുടെ പ്രകടനവും മെച്ചപ്പെട്ടിട്ടുണ്ട്. ഒപ്പം മുന്‍ ഇന്ത്യന്‍ ടീമുകളുടെ പ്രകടനത്തെ ഓര്‍ത്തെടുക്കാനും അദ്ദേഹം മറന്നില്ല.
അവനെ പോലെ അവന്‍ മാത്രം:വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഫോമിനെ കുറിച്ചും താരം എത്തിപ്പിടിച്ച 50 -ാം ഏകദിന സെഞ്ചുറിയെന്ന നേട്ടത്തിലും മുന്‍ ഇതിഹാസ താരം പ്രതികരിച്ചു. ഇതുപോലെ 50 ഓവര്‍ ഫോര്‍മാറ്റില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്നായി 50 സെഞ്ചുറികള്‍ നേടുക എന്നത് ചില്ലറക്കാര്യമല്ല. അദ്ദേഹത്തിന്‍റെ സ്ഥിരത അത് അംഗീകരിച്ചുകൊടുക്കാതെ വയ്യ. ദേശീയ ടീമില്‍ ഇടംപിടിച്ചത് മുതല്‍ താനും ഇതേ രീതി പിന്തുടര്‍ന്നിരുന്നതായും ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു. എന്നാല്‍ സച്ചിന്‍ കോഹ്‌ലി താരതമ്യപ്പെടുത്തലില്‍ മനസുതുറക്കാനും അദ്ദേഹം മടിച്ചില്ല.
ഞാന്‍ ഈ രണ്ടാളെയും താരതമ്യപ്പെടുത്തില്ല. പക്ഷെ അദ്ദേഹത്തിന്‍റെ (സച്ചിന്‍ ടെണ്ടുല്‍ക്കര്‍) റെക്കോഡ് മറികടക്കുന്ന എന്നത് നിസ്സാരകാര്യവുമല്ല. വിരാടിന് ഇനിയും കൂടുതല്‍ റൺസ് കണ്ടെത്താനാവും. അദ്ദേഹത്തിന്‍റെ ശാരീരിക ക്ഷമത പരിഗണിച്ചാല്‍ അവന് ഇനിയും ഒരുപാട് കാലം ക്രിക്കറ്റ് കളിക്കാനാവുമെന്ന് ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു. വിരാട് കോഹ്‌ലി എല്ലാ രാജ്യങ്ങള്‍ക്കെതിരെയും എല്ലാ രാജ്യങ്ങളില്‍ വച്ചും വ്യത്യസ്‌ത സാഹചര്യങ്ങളില്‍ കളിച്ച ഒരാളാണ്. അതുകൊണ്ടുതന്നെ അവനെ ഈ കാലഘട്ടം കണ്ട മികച്ച താരങ്ങളിലൊരാളെന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്‌ടമെന്നും അദ്ദേഹം മനസുതുറന്നു.
Also Read: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ശക്തരായ ഇന്ത്യന്‍ നിര, ചാമ്പ്യന്മാര്‍'; മനസുതുറന്ന് ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഫറോഖ് എഞ്ചിനീയര്‍
ഇതാണ് നായകന്‍:ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രകീര്‍ത്തിക്കാനും മുന്‍ ഇതിഹാസം സമയം കണ്ടെത്തി. ഞാന്‍ പ്രത്യേകമായി ഇഷ്‌ടപ്പെടുന്നത് രോഹിത് ശര്‍മയുടെ ബാറ്റിങാണ്. അദ്ദേഹം ടീമിനായി അതിവേഗം മികച്ച തുടക്കം നല്‍കുന്നു. എതിരാളി ആരാണെങ്കിലും അദ്ദേഹത്തിന്‍റെ ബാറ്റ് അത് നോക്കാതെ പന്തിനെ പറത്തിക്കളയും. അദ്ദേഹത്തിന്‍റെ ക്യാപ്‌റ്റന്‍സിയും കയ്യടി അര്‍ഹിക്കുന്നത് തന്നെയാണെന്ന് ഗുണ്ടപ്പ വിശ്വനാഥ് പറഞ്ഞു.
ഫേവറിറ്റ് താരത്തെക്കുറിച്ച്:അതേസമയം നിലവിലെ ടൂര്‍ണമെന്‍റിലെ അദ്ദേഹത്തിന്‍റെ ഫേവറിറ്റ് താരമാരാണെന്ന ചോദ്യത്തിന് ഗുണ്ടപ്പ വിശ്വനാഥ് വ്യത്യസ്‌തമായൊരു ഉത്തരമാണ് നല്‍കിയത്. എല്ലാവരും ഈ ലോകകപ്പില്‍ നല്ല രീതിയിലാണ് കളിക്കുന്നത്. ഓപണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കുന്നു. തുടര്‍ന്ന് വിരാട് കോഹ്‌ലിയും ശ്രേയസും മുന്നേറ്റനിരയില്‍ മികച്ച സംഭാവന നല്‍കുന്നു. കെഎല്‍ രാഹുല്‍ അവന്‍റെ ജോലി വൃത്തിയായി ചെയ്യുന്നതിലൂടെ മധ്യനിരയില്‍ വല്ലാത്ത അച്ചടക്കമുണ്ട്. ഇതോടെ ആറാം നമ്പറിലെത്തുന്ന സൂര്യകുമാര്‍ യാദവിന് സാധ്യതകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഇതൊക്കെയാണ് 'തീയുണ്ട': ഇന്ത്യന്‍ ബോളിങ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ ആകെമൊത്തമുള്ള പ്രകടനത്തിലും അദ്ദേഹം പ്രതികരിച്ചു. ബുംറയും സിറാജും ഷമിയും ബോളിങ് ഡിപ്പാര്‍ട്ട്‌മെന്‍റിനായി നന്നായി അധ്വാനിക്കുന്നുണ്ട്. കുല്‍ദീപും ജഡേജയും ഇവരെ സഹായിക്കുന്നുവെന്ന് മാത്രമല്ല മധ്യ ഓവറുകളില്‍ ടീമിന് മൊത്തമായി നേട്ടം കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കപിൽ ദേവിന്‍റെ കാലഘട്ടത്തിന് ശേഷം ഇന്ത്യന്‍ ടീമിലെ ഫാസ്‌റ്റ് ബൗളിങ് മെച്ചപ്പെട്ടിട്ടുണ്ട്. അതിന് മുമ്പ് വരെ ആദ്യ നാല് ഓവറുകള്‍ക്ക് ശേഷം സ്പിന്നർമാരാണ് പന്തെറിയാനെത്തുക. അടുത്തകാലത്തായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ബൗളർമാർ നമുക്കുണ്ട്. 1970-90 കാലഘട്ടത്തിൽ വെസ്‌റ്റ് ഇൻഡീസ് ബൗളിങ് വളരെ ശക്തമായിരുന്നുവെന്നും, നിലവില്‍ ഇന്ത്യയും ആ നിലവാരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: 'ഫൈനലില്‍ ഇന്ത്യ 65 റണ്‍സില്‍ ഓള്‍ ഔട്ട്...'; മാസങ്ങള്‍ക്ക് മുന്‍പുള്ള മിച്ചല്‍ മാര്‍ഷിന്‍റെ പ്രവചനം, ഇപ്പോള്‍ വൈറല്‍
ഓസ്‌ട്രേലിയ ഇത്തിരിക്കുഞ്ഞന്മാരല്ല:ഇന്ത്യന്‍ ടീമിനെ പ്രശംസയില്‍ എടുത്തുയര്‍ത്തി ലോകകപ്പ് നേടുമെന്ന ആശ്വാസം പങ്കുവെക്കുമ്പോഴും ഓസ്‌ട്രേലിയയെ ഭയക്കണമെന്ന മുന്നറിയിപ്പും ഗുണ്ടപ്പ വിശ്വനാഥ് മുന്നോട്ടുവച്ചു. ഫൈനല്‍ വരെ തോല്‍വിയറിയാതെയാണ് ഇന്ത്യ എത്തുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ അഞ്ച് ലോകകപ്പ് നേടിയ ടീമായത് കൊണ്ടുതന്നെ അവരെ നിസാരമായി കാണാനാവില്ല.
ഞങ്ങളുടെ കാലഘട്ടം മുതല്‍ തന്നെ അവരുടെ കരുത്തും ചെറിയൊരു അവസരം ലഭിച്ചാല്‍ അതിനെ വിജയമാക്കി മാറ്റാനുള്ള ആ ടീമിന്‍റെ ശേഷിയും എടുത്തുപറയേണ്ട ഒന്നാണ്. മാക്‌സ്‌വെല്ലിന്‍റെ മുന്‍ ഇന്നിങ്‌സും സെമിയിലെ പ്രകടനവും ഇതിനെ തെളിവാണെന്ന്. ക്യാപ്‌റ്റന്‍ ആരായാലും അവരുടെ നിലവാരം ആ ടീമിന് ഇന്നുമുണ്ടെന്ന് മാച്ച് റഫറിയുടെ തൊപ്പി കൂടി ധരിച്ചിരുന്ന ഗുണ്ടപ്പ വിശ്വനാഥ് കൂട്ടിച്ചേര്‍ത്തു.
1969 മുതൽ 1983 വരെ 91 ടെസ്‌റ്റുകളില്‍ ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിരുന്ന ഗുണ്ടപ്പ വിശ്വനാഥ്, 1975, 1979 ലോകകപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്‌തിരുന്നു. അക്കാലത്തെ വെടിക്കെട്ട് ബാറ്ററായി അഘോഷിക്കപ്പെട്ട അദ്ദേഹം 6,080 റൺസ് പേരിനൊപ്പം ക്രിക്കറ്റ് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിരുന്നു. മാത്രമല്ല കർണാടകയെ പ്രതിനിധീകരിച്ച് ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ 17, 970 റൺസും താരം അടിച്ചെടുത്തിരുന്നു. കൂടാതെ ബിസിസിഐയുടെയും കേണല്‍ സികെ നായിഡുവിന്‍റെയും ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു.