അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എക്കാലത്തെയും ഉയർന്ന സ്‌കോറിലേക്ക് കുതിച്ച് ബിജെപി. 182 അംഗ ഗുജറാത്ത് നിയമസഭയിൽ 154 സീറ്റുകൾ എന്ന നിലയിലാണ് ബിജെപി ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഈ നേട്ടം തങ്ങളുടെ വികസന അജണ്ടയുടെയും കോൺഗ്രസിന്‍റെ നിഷേധാത്മക രാഷ്‌ട്രീയത്തിന്‍റേയും പ്രതിഫലനമാണെന്ന് ബിജെപി ഇതിനെ വിശേഷിപ്പിച്ചു.
'നേട്ടം തങ്ങളുടെ വികസന അജണ്ടയുടേത്, കോൺഗ്രസിന്‍റേത് നിഷേധാത്മക രാഷ്‌ട്രീയം'; ഗുജറാത്തിൽ വിജയക്കൊടി പാറിച്ച് ബിജെപി
മുതിർന്ന നേതാക്കൾ കൂടി ഒഴുകിയെത്തിയതോടെ സംസ്ഥാന പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകർ ആഹ്ലാദത്തിൽ നൃത്തച്ചുവടുകൾക്കൊപ്പം മധുരപലഹാര വിതരണവും പരക്കെ നടത്തിക്കഴിഞ്ഞു
ഏഴാം തവണയും തങ്ങളുടെ തട്ടകത്തിൽ ബിജെപി കൂടുതൽ ശക്തിയോടെ തിരിച്ചെത്തിയ സാഹചര്യത്തിൽ ബിജെപി അണികളും പ്രവർത്തകരും ഒരുപോലെ ഉത്സവലഹരിയിലാണ്. നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് പാർട്ടി ഓഫിസിൽ തടിച്ചുകൂടിയത്. മുതിർന്ന നേതാക്കൾ കൂടി ഒഴുകിയെത്തിയതോടെ സംസ്ഥാന പാർട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകർ ആഹ്ലാദത്തിൽ നൃത്തച്ചുവടുകൾക്കൊപ്പം മധുരപലഹാര വിതരണവും പരക്കെ നടത്തിക്കഴിഞ്ഞു.
ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അകമഴിഞ്ഞ വിശ്വാസത്തിന്‍റെ നേർക്കാഴ്‌ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിച്ചതെന്നും അതേസമയം കോൺഗ്രസിന് ഇതൊരു പാഠമായിരിക്കും എന്നും ഗുജറാത്ത് ബിജെപി വക്താവ് യമൽ വ്യാസ് പറഞ്ഞു. കോൺഗ്രസിന്‍റെ നിഷേധാത്മക രാഷ്‌ട്രീയം അവരെ എവിടെയും എത്തിക്കില്ല. സംസ്ഥാനത്ത് നിന്ന് ജനങ്ങൾ കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പോടെ തുടച്ചുനീക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.