മാണ്ഡവി: കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ രാജ്യത്തെ ജനങ്ങളെ ജാതി, മതം, പ്രദേശം എന്നിവയുടെ പേരില്‍ വിഭജിക്കുകയാണ് ചെയ്‌തതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. ആ പാര്‍ട്ടി ഭരിച്ച 60 വർഷക്കാലവും ഈ രീതിയിലാണ് മുന്നോട്ടുപോയത്. ഗുജറാത്തിലെ മാണ്ഡവിയിൽ വെള്ളിയാഴ്‌ച ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്‍റെ പരാമർശം.
'കോണ്‍ഗ്രസിന്‍റെ 60 വര്‍ഷത്തെ ഭരണം ജാതി മത ഭിന്നിപ്പുണ്ടാക്കി': കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ - കോണ്‍ഗ്രസിനെതിരെ അനുരാഗ് താക്കൂര്‍
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ യോഗം അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്
''മുൻ യുപിഎ സർക്കാർ രാജ്യത്തെ ഗോത്രവർഗ വിഭാഗങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കിയില്ല. 2013ലും 14ലും 4,200 കോടി മാത്രമാണ് ഇവർക്കായി ബജറ്റിൽ വകയിരുത്തിയത്. അതേസമയം, മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 8,500 കോടിയാണ് അനുവദിച്ചത്. ഇപ്പോൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ആദിവാസികൾ പുരോഗതി പ്രാപിക്കുകയാണ്". അനുരാഗ് താക്കൂര്‍ അവകാശവാദം ഉയര്‍ത്തി. 'ഇരട്ട എഞ്ചിൻ' സര്‍ക്കാര്‍ ഗുജറാത്തില്‍ അധികാരത്തിലേറാന്‍ ബിജെപിയ്ക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തുകാരനായ നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയില്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ പ്രയോഗത്തിലൂടെ ബിജെപി പ്രചാരണം നടത്തുന്നത്. ഡിസംബര്‍ ഒന്ന്, അഞ്ച് തിയതികളിലാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്. എട്ടാം തിയതിയാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.