അഹമ്മദാബാദ്:ഗുജറാത്തില്‍ കാലഭൈരവദാദ ക്ഷേത്രത്തിന് നേരെ അജ്ഞാതന്‍റെ ആക്രമണം. അഹമ്മദാബാദിലെ ദുധേശ്വര്‍ ശ്‌മശാനത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇരുട്ടിന്‍റെ മറവില്‍ അജ്ഞാതന്‍ തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ: പൊലീസ് സമീപത്തുതന്നെയായി പട്രോളിങ് നടത്തിവരുന്നതിനിടെയാണ് കാലഭൈരവദാദ ക്ഷേത്രം അജ്ഞാതര്‍ തകര്‍ത്തതായുള്ള വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന വിളക്കുകൾ തകർന്നതായും ഇവര്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹവും മറ്റൊരു വിഗ്രഹവും തകർത്തതായും കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍: സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതില്‍ ഒരാള്‍ ക്ഷേത്രപരിസരത്ത് അതിക്രമിച്ച് കയറുന്നതും വിഗ്രഹങ്ങള്‍ തകര്‍ക്കുന്നതും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്‌റ്റ് എട്ടിന് രാത്രി 8.50 നും 9.50 നുമിടയിലാണ് സംഭവം നടന്നതെന്നും പൊലീസ് മനസിലാക്കി. ഇതോടെ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ അജ്ഞാതനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. സിസിടിവിയിൽ പതിഞ്ഞ യുവാവിനെ പിടികൂടാൻ വിവിധ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ മാത്രമെ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമാവുകയുള്ളുവെന്ന് റിവർഫ്രണ്ട് ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്‌ടര്‍ വി.ഡി ജാല ഇടിവി ഭാരതിനോട് പ്രതികരിച്ചു. അതേസമയം ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഹൈന്ദവ വിശ്വാസികള്‍ രംഗത്തെത്തിയതോടെ പ്രദേശത്ത് വർഗീയ സംഘർഷം ഉടലെടുത്തിട്ടുണ്ട്.
Also Read: അകാലത്തില്‍ മരണമടഞ്ഞ ഭാര്യയ്‌ക്കായി ക്ഷേത്രം, പ്രതിമ നിര്‍മിച്ച് മുടങ്ങാതെ ആരാധനയും; പ്രിയതമയുടെ വിയോഗം തകര്‍ത്ത രാം സേവക്