കേരളം

kerala

By

Published : Apr 29, 2023, 9:56 AM IST

ETV Bharat / bharat

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസ്: സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം, രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍

ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി അനുകൂലമായി വിധി പ്രസ്‌താവിച്ചാല്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ പുനഃപ്രവേശനത്തിന് വഴിയൊരുങ്ങും

Gujarat HC to hear Rahul Gandhi plea in defamation case  Rahul Gandhis plea in defamation case  Rahul Gandhi plea in defamation case  Gujarat HC  മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസ്  സൂറത്ത് കോടതി വിധി  രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി  അഹമ്മദാബാദ് ഹൈക്കോടതി  ഗുജറാത്ത് ഹൈക്കോടതി  ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്  രാഹുല്‍ ഗാന്ധി  ക്രിമിനൽ അപകീർത്തിപ്പെടുത്തൽ
രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി ഉത്തരവിനെതിരെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഏപ്രില്‍ 26ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പി എസ് ചമ്പനേരി, ജസ്റ്റിസ് ഗീത ഗോപിയുടെ മുമ്പാകെ കേസ് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ താനല്ല കേസ് പരിഗണിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഗീത ഗോപി വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറി.

മോദി പരാമര്‍ശത്തില്‍ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) 499, 500 (ക്രിമിനൽ അപകീർത്തിപ്പെടുത്തൽ) വകുപ്പുകൾ പ്രകാരം രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മാര്‍ച്ച് 23നായിരുന്നു സൂറത്ത് കോടതി വിധി പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ്.

സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധി ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കിയത്. അയോഗ്യനായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി സൂറത്തിലെ സെഷന്‍സ് കോടതിയില്‍ ശിക്ഷ വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 20ന് ഹര്‍ജി പരിഗണിച്ച കോടതി പക്ഷേ ഹര്‍ജി തള്ളുകയാണ് ചെയ്‌തത്.

2019 ഏപ്രില്‍ 13നാണ് കേസിന് ആസ്‌പദമായ സംഭവം. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. 'എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന് പൊതുനാമം ആയത് എങ്ങനെ?' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, നീരവ് മോദി, ലളിത് മോദി എന്നിവരെ ലക്ഷ്യം വച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ മൊത്തത്തില്‍ അപകീര്‍ത്തി പെടുത്തിയെന്ന് കാണിച്ച് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പരാതി നല്‍കുകയായിരുന്നു. പിന്നാലെയാണ് കോടതി ശിക്ഷ വിധിച്ചതും രാഹുല്‍ അയോഗ്യനാക്കപ്പെട്ടതും. രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന് തുടര്‍ന്ന് പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വൈരാഗ്യത്തിന്‍റെയും വേട്ടയാടലിന്‍റെയും രാഷ്‌ട്രീയമാണ് ബിജെപി പയറ്റുന്നത് എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

സത്യം തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ എന്ത് വില നല്‍കാനും തയ്യാറാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. അതേസമയം രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയോടെ വയനാട് ലോക്‌സഭ മണ്ഡലം ഒഴിഞ്ഞ് കിടക്കുകയാണ്. കര്‍ണാകട നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം വയനാട്ടിലും തെരഞ്ഞെടുപ്പ് നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹര്‍ജി സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടി വയനാട്ടില്‍ ഉടന്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വിധി പ്രസ്‌താവിച്ചാല്‍ പാര്‍ലമെന്‍റ് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുങ്ങും.

ABOUT THE AUTHOR

...view details