ബറേലി (ഉത്തര്‍പ്രദേശ്):വിവാഹത്തിന് വീട്ടുകാരോ ബന്ധുക്കളോ എതിര്‍പ്പറിയിച്ചാല്‍ കമിതാക്കള്‍ ഒളിച്ചോടാറുണ്ട്. ചിലയിടങ്ങളില്‍ താത്‌കാലികമായൊരു ഒളിച്ചോട്ടത്തിനൊടുവില്‍ മാതാപിതാക്കളുടെ സമ്മതം നേടി ഇഷ്‌ടപ്പെട്ടയാളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കടക്കുന്നവരുമുണ്ട്. എന്നാല്‍ പ്രണയബന്ധിതരായി വീട്ടുകാരുടെ സമ്മതപ്രകാരം നടക്കുന്ന വിവാഹത്തിന് കതിര്‍മണ്ഡപത്തിലെത്തുന്നതിന് മുമ്പ് ഒളിച്ചോടിയാണ് നവവരന്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. തുടര്‍ന്ന് വധുവും വധുവിന്‍റെ ബന്ധുക്കളും 20 കിലോമീറ്ററോളം പിന്തുടര്‍ന്നാണ് 'വരനെ പിടികൂടുന്നത്'.
പ്രണയം, സമ്മതം, സ്വപ്‌നസാഫല്യം:ഇക്കഴിഞ്ഞ ഞായറാഴ്‌ച ബറേലിയിലാണ് സംഭവം നടന്നത്. ബരദാരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയും ബദായൂണിലെ ബിസൗലി പ്രദേശത്ത് താമസിക്കുന്ന യുവാവുമായി രണ്ടര വർഷത്തോളമായി പ്രണയത്തിലായിരുന്നു. കോളജില്‍ ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇരുവരും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തി. വിവരം വീട്ടുകാരെ അറിയിച്ചുവെങ്കിലും ഇരുവര്‍ക്കും ആദ്യമൊന്നും നല്ല പ്രതികരണം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തിന് സമ്മതം മൂളി. അങ്ങനെ വിവാഹത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. അടുത്തുള്ള ക്ഷേത്രം തന്നെയായിരുന്നു ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തിനായി തീരുമാനിച്ചിരുന്നത്.
വരന്‍ സ്ഥലംവിട്ടു:അങ്ങനെ വിവാഹദിനത്തില്‍ വരനും ബന്ധുക്കളും നേരത്തെ തന്നെ ക്ഷേത്രത്തിലേക്കെത്തിയെങ്കിലും മുഹൂര്‍ത്ത സമയമായപ്പോള്‍ വരനെ സമീപത്തെങ്ങും കാണാനില്ലായിരുന്നു. വസ്‌ത്രം മാറാനാണെന്നറിയിച്ച് പോയതിനാല്‍ തന്നെ അല്‍പസമയം കൂടി കാത്തിരിക്കാമെന്ന് വധുവിന്‍റെ ബന്ധുക്കള്‍ തീരുമാനിച്ചു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും വരന്‍റെ മടങ്ങിവരവ് കാണാതായതോടെയാണ് ഇയാള്‍ സ്ഥലം വിട്ടതായി ഒരുമിച്ച് കൂടിയവര്‍ക്ക് സംശയമുദിക്കുന്നത്. ഈ സമയം വരനെ നവവധു ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അമ്മയെ കൂട്ടിവരാന്‍ പോയതാണെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വധുവും ബന്ധുക്കളും വരനെ തേടിയിറങ്ങി.