തൺ തരൺ (പഞ്ചാബ്): പഞ്ചാബിലെ അതിർത്തി ജില്ലയായ തൺ തരണിൽ പൊലീസ് സ്‌റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം. ഇന്ന് (10-12-2022) പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ ആളപായമില്ല.
പഞ്ചാബിൽ റോക്കറ്റ് ലോഞ്ചർ ആക്രമണം സർഹാലി പൊലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രനേഡ് പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട് പൊലീസുകാർ എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു എന്നാണ് വിവരം. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് (ആർപിജി) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
പൊലീസ് സ്‌റ്റേഷന്‍റെ പുറം തൂണില്‍ ഇടിച്ച ശേഷം റോക്കറ്റ് തിരിച്ചുവന്നതിനാല്‍ ആളപായമുണ്ടായില്ല. ആക്രമണത്തിൽ പൊലീസ് സ്‌റ്റേഷന്‍റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ക്ലർക്കും ഓഫീസ് ജീവനക്കാരനുമാണ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പഞ്ചാബ് ഡിജിപിയും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്എസ്‌പി ഗുർമീത് സിംഗ് ചൗഹാൻ പറഞ്ഞു.
ഇത് രണ്ടാം തവണയാണ് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ച് പൊലീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. പഞ്ചാബിലെ സർക്കാർ ഓഫീസുകൾക്ക് നേരെയും പൊലീസ് സ്‌റ്റേഷനുകൾക്ക് നേരെയും ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ വർഷം മേയിൽ മൊഹാലിയിലെ ഇന്‍റലിജൻസ് ആസ്ഥാനത്തിന് നേരെയും സ്ഫോടനം നടന്നിരുന്നു.