നോയിഡ (ഉത്തര്‍പ്രദേശ്): മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് മുലപ്പാല്‍ നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ. കൊടും തണുപ്പില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ (എസ്‌എച്ച്ഒ) ഭാര്യ ജ്യോതി സിങാണ് മുലപ്പാല്‍ നല്‍കി മാതൃത്വം തെളിയിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.
ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാർക്ക് ഏരിയയില്‍ ഡിസംബര്‍ 20 നാണ് സംഭവം. മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടതോടെ ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ വിശപ്പും തണുപ്പും കാരണം കുഞ്ഞ് കരച്ചില്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മുലപ്പാല്‍ നല്‍കാതെ മറ്റൊന്നുകൊണ്ടും കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താനാകില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നത് അപ്പോഴാണ്. ഈ സമയത്താണ് എസ്‌എച്ച്ഒയുടെ ഭാര്യ ജ്യോതി സിങ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകുന്നത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.