ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ജീവൻ നഷ്‌ടപ്പെട്ട 67 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിന് അനുമതി നൽകി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. മന്ത്രാലയത്തിന്‍റെ ജേർണലിസ്റ്റ് വെൽഫെയർ സ്‌കീം (ജെഡബ്ല്യുഎസ്) പ്രകാരം ഓരോ കുടുംബത്തിനും 5 ലക്ഷം രൂപ ലഭിക്കും.
2020-21 വര്‍ഷങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവർത്തകരുടെ വിവരങ്ങൾ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തില്‍ പ്രസ് ഇൻഫർമേഷൻ ബ്യൂറോ സ്വമേധയ സമാഹരിച്ച് കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 26 മാധ്യമപ്രവർത്തകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം നൽകാനുള്ള ജേർണലിസ്റ്റ് വെൽഫെയർ സ്‌കീം കമ്മിറ്റിയുടെ നിര്‍ദേശത്തിന് വ്യാഴാഴ്‌ച കേന്ദ്രസർക്കാർ അംഗീകാരം നൽകി. നേരത്തെ 2020-21 സാമ്പത്തിക വർഷത്തിൽ കൊവിഡിനെ തുടര്‍ന്ന് മരണപ്പെട്ട 41 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകിയിരുന്നു.