ന്യൂഡല്‍ഹി:മതിയായ കാരണങ്ങളില്ലാതെ നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്‌ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ബില്ലുകള്‍ ഒപ്പിടാതെ നിയമ നിര്‍മാണ സഭകളെ വീറ്റോ ചെയ്യാന്‍ ഗവര്‍ണര്‍ക്കാകില്ല. തെരഞ്ഞെടുക്കപ്പെട്ട തലവന്‍ എന്ന നിലയില്‍ ഏതാനും ഭരണഘടനാപരമായ അടിസ്ഥാന തത്വങ്ങള്‍ ഗവര്‍ണറില്‍ നിക്ഷിപ്‌തമാണെന്നും കോടതി നിരീക്ഷിച്ചു (Governor Cannot Withhold The Bills).
ബില്ലുകളില്‍ ഒപ്പുവയ്‌ക്കുന്നില്ലെങ്കില്‍ അവ നിയമസഭയുടെ പുനഃപരിശോധനയ്‌ക്കായി മടക്കി നല്‍കേണ്ടതാണ്. പഞ്ചാബ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കേസിന്‍റെ വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബില്ലില്‍ ഒപ്പിടാത്ത നിലപാട് നിയമ ലംഘനമാണ് (Supreme Court Verdict About Bills).
സംസ്ഥാന നിയമസഭകളുടെ നിയമ നിര്‍മാണത്തിന്‍റെ സാധാരണ ഗതിയെ തടസപ്പെടുത്താന്‍ ഗവര്‍ണറുടെ അധികാരം ഉപയോഗിക്കാനാവില്ല. മാത്രമല്ല ഇത്തരം ബില്ലുകള്‍ സംസ്ഥാന നിയമസഭയ്‌ക്ക് അയക്കണമെന്നും ആര്‍ട്ടിക്കിള്‍ 200 ചൂണ്ടിക്കാട്ടി കോടതി വിശദീകരിച്ചു. ബില്ലുകള്‍ തടഞ്ഞ് വച്ച് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാന്‍ കഴിയില്ല. നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കുകയാണെങ്കിലും അതിലും ഗവര്‍ണര്‍ ഒപ്പ് വയ്‌ക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നിയമ നിര്‍മാണഗതി തടസപ്പെടുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.