ന്യൂഡൽഹി: രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സിപിഎം. ഇന്ത്യയിലെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഔദ്യോഗിക ഭാഷയെക്കുറിച്ചുള്ള പാർലമെന്‍റ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇതിന് ഉദാഹരണമാണെന്ന് സിപിഎം ആരോപിച്ചു.
വിമർശനം ഇങ്ങനെ: പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിലാണ് ഹിന്ദി രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിപിഎം രൂക്ഷ വിമർശനമുന്നയിച്ചിരിക്കുന്നത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷയിലെ പ്രാവീണ്യം നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവേചനമാണ്. ഹിന്ദി മാതൃഭാഷ അല്ലാത്തവരായിട്ടുള്ളവരോട് കാണിക്കുന്ന കടുത്ത വേർതിരിവാണ് ഇതെന്നും സിപിഎം ആരോപിച്ചു.
നേരത്തെ കേന്ദ്ര സർവകലാശാലയിൽ പഠന മാധ്യമമായി ഹിന്ദി നിർബന്ധമാക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രംഗത്തെത്തിയതോടെ ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്ര സർവകലാശാലയിൽ മാത്രം ഹിന്ദി പഠന മാധ്യമമാക്കണമെന്നും മറ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷകളായിരിക്കും പഠന മാധ്യമമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ എല്ലാ വിദ്യർഥികൾക്കും കേന്ദ്ര സർവകലാശാലകളിൽ പഠിക്കാൻ അവകാശമുണ്ട്. എന്നാൽ ഹിന്ദി പഠന മാധ്യമമാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ വരുെമന്നും പാർട്ടി മുഖപത്രത്തിൽ വിമർശിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
ഹിന്ദിഭാഷ കേന്ദ്ര സർവീസിൽ നിർബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. ഒരു ഭാഷ ഒരു മതം ഒരു സംസ്‌കാരം എന്ന ആര്‍എസ്എസ് അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.
കേന്ദ്ര ശുപാർശ ഇങ്ങനെ:തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നാണ് അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാര്‍ലമെന്‍റികാര്യ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനു പകരം ഹിന്ദി നിര്‍ബന്ധമാക്കണം. ചോദ്യപേപ്പര്‍ ഹിന്ദിയിലാകണം.
നിയമനത്തില്‍ ഹിന്ദി പ്രവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണം. ഓഫീസുകളില്‍ അത്യാവശ്യത്തിനു മാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം. എഴുത്തുകള്‍, ഫാക്‌സ്, ഇ-മെയില്‍, ക്ഷണക്കത്തുകള്‍ എന്നിവ ഹിന്ദിയിലാകണമെന്നും ശുപാര്‍ശയില്‍ പറയുന്നു.