ന്യൂഡൽഹി : ഇന്ത്യക്കുവേണ്ടി വമ്പൻ പ്രഖ്യാപനങ്ങളുമായി ടെക് ഭീമന്‍ ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ ഇവന്‍റിന്‍റെ 9-ാം പതിപ്പിലാണ് (Google for India 9th Edition) ഇന്ത്യയില്‍ പിക്‌സൽ ഫോണുകള്‍ നിര്‍മിക്കുന്നതടക്കമുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടന്നത് (Google For India- Google To Manufacture Pixel Phones In India). ഇന്ത്യക്കുവേണ്ടി പ്രത്യേകം തയാറാക്കുന്ന നിരവധി പദ്ധതികളാണ് ഇവന്‍റില്‍ പ്രഖ്യാപിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ 'മേക്ക് ഇൻ ഇന്ത്യ' (Make in India) പദ്ധതിയുടെ ചുവടുപിടിച്ച് 'ബിൽഡ് ഇൻ ഇന്ത്യ, ബിൽഡ് ഫോർ ദി വേൾഡ്' (Build in India, Build for the World) എന്ന ആശയമാണ് ഗൂഗിൾ ഇന്ത്യ പ്രധാനമായി മുന്നോട്ടുവയ്‌ക്കുന്നത്. ഇതുപ്രകാരം ഗൂഗിളിന്‍റെ പ്രീമിയം സ്‍മാർട്ട് ഫോണായ പിക്‌സൽ ഇന്ത്യയിൽ ഉത്പാദനമാരംഭിക്കും. പിക്‌സലിൻ്റെ ഏറ്റവും പുതിയ പതിപ്പായ പിക്‌സൽ 8 (Pixel 8) ആയിരിക്കും ഇത്തരത്തിൽ പുറത്തിറങ്ങുന്ന ആദ്യ ഫോൺ. ഇന്ത്യൻ നിർമിത ഗൂഗിൾ ഡിവൈസുകൾ 2024 ൽ തന്നെ പുറത്തിറക്കാനാണ് ഗൂഗിളിന്‍റെ പദ്ധതി.
ഗൂഗിൾ ഫോർ ഇന്ത്യ ഈവന്‍റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- ഇന്ത്യൻ നിർമിത പിക്‌സൽ ഫോൺ:ഇവന്‍റിൽ ഗൂഗിൾ നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം അവരുടെ മുന്‍നിര സ്‌മാര്‍ട്ട് ഫോണായ പിക്‌സലുമായി ബന്ധപ്പെട്ടാണ്. കേന്ദ്ര സർക്കാരിന്‍റെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിപ്രകാരം പിക്‌സലിന്‍റെ എട്ടാം പതിപ്പായ പിക്‌സൽ 8 മുതലുള്ള മോഡലുകൾ ഇന്ത്യയിൽ നിർമിക്കും. ഇത്തരത്തിൽ നിർമിക്കുന്ന ആദ്യ പിക്‌സൽ ഡിവൈസ് 2024 ൽ തന്നെ വിപണിയിലെത്തുമെന്ന് ഗൂഗിൾ സ്ഥിരീകരിച്ചു.
- യൂട്യൂബിന്‍റെ വിശ്വാസ്യത വർധിപ്പിക്കും: തങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാൻ യൂട്യൂബിൽ (Youtube) വിശ്വാസ്യതയുള്ള വാർത്തകൾക്ക് കൂടുതൽ പ്രചാരം നൽകാനാണ് ഗൂഗിളിന്‍റെ മറ്റൊരു തീരുമാനം. ഇതിനായി 11 ഇന്ത്യൻ ഭാഷകളിലുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്ന പുതിയ വാച്ച് പേജ് തന്നെ യൂട്യൂബിൽ ആരംഭിക്കും. പുതിയ സംവിധാനം ഓരോ വിഷയവുമായും ബന്ധപ്പെട്ട വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ അൽഗോരിത പ്രകാരം ഉപയോക്താക്കൾക്കു മുന്നിലെത്തിക്കും.
- ഓൺലൈൻ തട്ടിപ്പ് തടയൽ:ഗൂഗിൾ പേ (Google Pay) ഇതിനോടകം ഇന്ത്യയിലെ 12,000 കോടി രൂപയുടെ തട്ടിപ്പുകൾക്ക് തടയിട്ടു. 3,500 തട്ടിപ്പ് വായ്‌പ ആപ്ലിക്കേഷനുകൾ കമ്പനി പ്ലേ സ്റ്റോറിൽ (Play Store) നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. ഇന്ത്യയിലെ 'ഗൂഗിൾ പ്ലേ പ്രൊട്ടക്‌റ്റ്' (Google Play Protect) ഇപ്പോൾ കൂടുതൽ ശക്തവും മെച്ചപ്പെട്ടതുമായ തത്സമയ കോഡ്-ലെവൽ സ്‌കാനിങ് നടത്തുന്നു.
- ഇന്ത്യയിലെ പ്രീമിയം വിപണി: ഇന്ത്യ പ്രീമിയം സ്‌മാര്‍ട്ട് ഫോണുകളുടെ (Premium Smartphone) ഏറ്റവും വലിയ മൂന്നാമത്തെ വിപണിയാണെന്നാണ് ഗൂഗിളിന്‍റെ പ്രഖ്യാപനം. ആൻഡ്രോയ്‌ഡിന് (Android) ഇന്ത്യ ഏറെ സവിശേഷപ്പെട്ട ഇടമാണ്. ഇന്ത്യയിൽ നിന്ന് മനസിലാക്കിയ പാഠങ്ങൾ ആൻഡ്രോയ്‌ഡിനെ എല്ലാവർക്കും വേണ്ടി മികച്ചതാക്കാൻ ഗൂഗിളിനെ സഹായിച്ചു. ഇന്ത്യയിൽ നിന്ന് പിക്‌സൽ 8, പിക്‌സൽ വാച്ച് 2 (Pixel Watch 2) എന്നിവയ്‌ക്ക് അതിശയകരമായ പ്രതികരണം ലഭിച്ചു. 2022 ൽ 50 ശതമാനത്തിലധികം വളർച്ചയോടെ പ്രീമിയം സ്‌മാർട്ട്‌ഫോണുകളുടെ വിപണിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.
- സൈബർ പീസ് ഫൗണ്ടേഷൻ: തെറ്റായ വിവരങ്ങളെ ചെറുക്കാനും, ഉത്തരവാദിത്തമുള്ള ഓൺലൈൻ പെരുമാറ്റം അവലംബിക്കാനും ഇന്ത്യയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കളെ ശാക്തീകരിക്കാൻ വേണ്ടി ഗൂഗിൾ സൈബർ പീസ് ഫൗണ്ടേഷന് (Cyber Peace Foundation) ഗ്രാന്‍റ് നൽകും.
- ഗൂഗിൾ മാപ്പിലൂടെ മെട്രോ ടിക്കറ്റ്:കേന്ദ്രസർക്കാരിന് കീഴിലുള്ള ഓപ്പണ്‍ ഇ-കൊമേഴ്‌സ് ശൃംഖലയായ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി (ONDC) സഹകരിച്ച് ഗൂഗിൾ മാപ്പിലൂടെ (Google Map) മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കും. ഇതിനായി ഗൂഗിൾ മാപ്‌സ് ഒഎൻഡിസിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തെ മെട്രോകളിൽ ഉടനീളം ഈ സംവിധാനം ലഭ്യമാകും.
- കച്ചവടക്കാർക്ക് കാറ്റലോഗ് നിർമിക്കാൻ AI:ഗൂഗിൾ മർച്ചന്‍റ് സെന്‍റർ നെക്‌സ്‌റ്റ് (Google Merchant Center Next) എന്ന പദ്ധതിയുടെ ഭാഗമായി ചെറുകിട കച്ചവടക്കാർക്ക് നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള കച്ചവടം സാധ്യമാക്കും. ഉപഭോക്താക്കളുമായി മെച്ചപ്പെട്ട രീതിയിൽ ഇടപെടാൻ നിർമിതബുദ്ധി അവരെ പ്രാപ്‌തരാക്കും. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് ഓൺലൈനിൽ ഉയർന്ന നിലവാരമുള്ള കാറ്റലോഗുകൾ പ്രസിദ്ധപ്പെടുത്താൻ നിർമിതബുദ്ധിയുടെ സഹായം തേടാം. ഗൂഗിൾ മർച്ചന്‍റ് സെന്‍റർ നെക്‌സ്‌റ്റ് ഉപയോഗിച്ച് അവർക്ക് എളുപ്പത്തിൽ കാറ്റലോഗ് നിർമിക്കാനാകും.
- ജനറേറ്റീവ് AI: ഗൂഗിൾ സെർച്ചിൽ ജനറേറ്റീവ് AI (Generative AI) ഉൾക്കൊള്ളിക്കും. സെര്‍ച്ച് ചെയ്യുമ്പോള്‍ AI സഹായം ലഭിക്കുമെന്നതാണ് ജനറേറ്റീവ് AI യുടെ പ്രത്യേകത. ഇത് കൂടുതൽ സുഗമമായ സെർച്ച് പ്രദാനം ചെയ്യും. ഇതുവഴി ഗൂഗിൾ സെർച്ചിൽ കൂടുതൽ സമഗ്രവും വിജ്ഞാനപ്രദവുമായ റിസൾട്ടുകൾ സൃഷ്‌ടിക്കപ്പെടും.
- സർക്കാർ പദ്ധതികൾ ഗൂഗിളിൽ:ഗൂഗിൾ സെർച്ചിലെ ജനറേറ്റീവ് AI ഉപയോഗപ്പെടുത്തി സർക്കാർ പദ്ധതികൾ എളുപ്പത്തിൽ ആളുകളിലേക്കെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ആഴ്‌ചകളിൽ തന്നെ ഈ സംവിധാനം നടപ്പിലാക്കും. ഇതോടെ 100-ലധികം സർക്കാർ പദ്ധതികളെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ആളുകൾക്ക് എളുപ്പത്തിൽ ലഭ്യമാകും.