ബെലഗാവി (കര്‍ണാടക) : കര്‍ണാടകയിലെ ബെലഗാവിയില്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ചരക്ക് വാഹനം തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‌ച രാവിലെയാണ് സംഭവം.
ബെലഗാവിലെ കനബർഗിയില്‍ കല്‍യല്‍ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. ഗോകാക് അക്കതംഗിയാര ഹാലാ സ്വദേശികളായ കെട്ടിട നിര്‍മാണ തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ബെലഗാവിലേക്കുള്ള യാത്രാമധ്യേവാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
Also read: നീലേശ്വരത്ത് ചരക്കുലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തോട്ടില്‍ നിന്ന് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് തല്‍ക്ഷണം മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രണ്ട് പേര്‍ മരിച്ചത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കർണാടക സര്‍ക്കാര്‍ ഏഴ് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതവും ജില്ല ഭരണകൂടം രണ്ട് ലക്ഷം രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.