ഗോവ :ഗോവയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വളർന്ന് ബിജെപി. 40 അംഗ ഗോവ നിയമസഭയിൽ വിജയം ഉറപ്പിച്ചതിനുപിന്നാലെ ഇന്നുതന്നെ ഗവർണർ പി എസ്. ശ്രീധരൻ പിള്ളയെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടുമെന്ന് പാർട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ പ്രകാരം ഗോവയിൽ അഞ്ച് സീറ്റുകളിൽ ബിജെപി വിജയക്കൊടി പാറിച്ചുകഴിഞ്ഞു. 15 സീറ്റുകളിൽ ബിജെപി വ്യക്തമായ ലീഡ് നിലനിർത്തുന്നുമുണ്ട്.
പനാജിയിൽ ബിജെപിയുടെ നിയമസഭ കക്ഷി യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കും. അതിനുശേഷം സർക്കാർ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കുമെന്നും മുതിർന്ന നേതാവ് വ്യക്തമാക്കി.
നിലവിൽ മൂന്ന് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്‍റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്‌സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ.ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ.
Also Read: ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി
ഗോവയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തുടരുമ്പോഴും മറ്റ് പാർട്ടികളുടെ സഹായത്തോടെ സർക്കാർ രൂപീകരിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. ലീഡ് പൂർണമായ ഫലമല്ല. അന്തിമ ഫലം വരാനിരിക്കുന്നതേയുള്ളൂ. മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെയും സ്വതന്ത്രരുടേയും സഹായത്തോടെ കോൺഗ്രസ് ഗോവയിൽ അടുത്ത സർക്കാർ രൂപീകരിക്കുമെന്ന് ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്‍റ് അലക്‌സോ സെക്വേര അവകാശപ്പെട്ടു.
രണ്ട് സീറ്റുകളിൽ വിജയിച്ച് ആം ആദ്‌മി പാർട്ടി ഗോവയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഗോവയിലെ തെരഞ്ഞെടുപ്പ് ഫലം സത്യസന്ധമായ രാഷ്‌ട്രീയത്തിന്‍റെ തുടക്കമാണെന്ന് ആം ആദ്‌മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ഗോവ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് സംസ്ഥാനത്ത് ശോഭിക്കാനായില്ല. ബംഗാളിൽ ഭരണം പിടിച്ച തൃണമൂലിന് ഗോവയിൽ ഒരു സീറ്റുപോലും നേടാനായില്ല.