മുസാഫർപൂർ(ബിഹാർ) :മുസാഫർപൂരിൽ 55കാരന്റെ വൻകുടലിൽ നിന്ന് ഗ്ലാസ് ടംബ്ലർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടർമാർ. വൈശാലി ജില്ലയിലെ മഹുവ സ്വദേശിയുടെ വയറിലാണ് ഗ്ലാസ് ടംബ്ലർ കുടുങ്ങിയത്. മാഡിപൂർ പ്രദേശത്തുള്ള ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
കടുത്ത മലബന്ധവും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാ സൗണ്ട്, എക്സ് റേ റിപ്പോർട്ടുകളിൽ കുടലിൽ ഗുരുതര തകരാറുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് രോഗിയെ ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചത്.
രോഗിയുടെ ദഹനനാളത്തിലേക്ക് ഇത്രയും വലിയ വസ്തു എങ്ങനെ എത്തിയെന്ന ആശങ്കയിലാണ് ഡോക്ടർമാരും ആശുപത്രി അധികൃതരും. ചായ കുടിക്കുന്നതിനിടയിൽ ടംബ്ലർ വിഴുങ്ങുകയായിരുന്നുവെന്നാണ് രോഗി നൽകിയ വിശദീകരണം.