പൂനെ: പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും കാമുകനും അമ്മയും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി. പൂനെയിലെ ഗുഡ്‌വില്‍ വൃന്ദാവന്‍ അനന്ദപാര്‍ക്കിലെ ജോണ്‍സണ്‍ ലോബോയാണ് കൊല്ലപ്പെട്ടത്. മകള്‍ ബാലിക, ഭാര്യ സാന്ദ്ര, മകളുടെ കാമുകനായ ആഗ്‌നല്‍ ജോയ് കാസ്‌ബെ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
കൊലപാതകം വെബ് സിരീസ് കണ്ടതിന് ശേഷം: വെബ് സിരീസ് കണ്ടതിന് ശേഷമാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്‌തത്. സംഭവം നടന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷവും ജോണ്‍സന്‍ ജീവിച്ചിരിപ്പുണ്ടെന്ന തരത്തില്‍ ഇവര്‍ പെരുമാറുകയും ചെയ്‌തു. അമ്മ സാന്ദ്ര, മകള്‍ക്ക് പ്രണയബന്ധത്തിന് പിന്തുണ നല്‍കിയിരുന്നുവെങ്കിലും പിതാവ് ജോണ്‍സന് സമ്മതമായിരുന്നില്ല.
നിരന്തരമായി പിതാവ് പ്രണയബന്ധത്തെ വിലക്കിയതായിരുന്നു പ്രതികളെ പ്രകോപിതരാക്കിയത്. ശേഷം, മൂവരും ചേര്‍ന്ന് ജോണ്‍സനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. സംശയത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴായിരുന്നു കൊലപാതക വിവരം പുറത്തുവരുന്നത്.
താനും, തന്‍റെ കാമുകിയും അവളുടെ അമ്മയും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ആഗ്‌നല്‍ സമ്മതിച്ചു. ശിഖാപൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഷിരൂരിലെ അഹ്‌മദ് നഗര്‍ ഹൈവേ റോഡിലെ പെട്രോള്‍ പമ്പിന് സമീപം ജൂണ്‍ ഒന്നിനായിരുന്നു പൊലീസ് ജോണ്‍സന്‍റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് തുടക്കത്തില്‍ ആരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന് തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല.
ഊര്‍ജിതമായ അന്വേഷണം: തുടര്‍ന്ന് പൊലീസ് രണ്ട് സംഘങ്ങളെ നിയോഗിച്ച ശേഷം അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത ജൂണ്‍ ഒന്നിന് മുമ്പുള്ള നാല് ദിവസങ്ങളിലെ സംഭവങ്ങള്‍ പെട്രോള്‍ പമ്പിന് സമീപ പ്രദേശത്തുള്ള 300 സിസിടിവികളില്‍ നിന്നായി പൊലീസ് ശേഖരിച്ചു. സിസിടിവി ദൃശ്യത്തില്‍ നിന്നും സംശയാസ്‌പദമായി ഒരു കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വാഡ്ഗോണ്‍ ശെരി പ്രദേശത്തുള്ള ജാന്യ കസ്‌ബെ എന്ന വ്യക്തിയുടേതാണ് കാറെന്ന് പൊലീസ് കണ്ടെത്തി.
മെയ് 31ന് തന്‍റെ മകനായ ആഗ്‌നല്‍ കാര്‍ ഉപയോഗിച്ചിരുന്നതായി ജാന്യ കസ്‌ബെ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. പിതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ആഗ്‌നലിനെ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ ആഗ്‌നല്‍ കുറ്റസമ്മതം നടത്തിയിരുന്നു.
തെളിവുകള്‍ ഇല്ലാതാക്കി പ്രതികള്‍:പ്രണബന്ധത്തെ ചൊല്ലി പിതാവ് വീട്ടില്‍ നിരന്തരം കലഹിച്ചിരുന്നതിനെ തുടര്‍ന്ന് മൂവരും ചേര്‍ന്ന് കമ്പി വടി ഉപയോഗിച്ച് ജോണ്‍സനെ തലയ്‌ക്കടിക്കുകയും കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രി മൃതദേഹം വീട്ടില്‍ തന്നെ സൂക്ഷിക്കുകയും ശേഷം, അടുത്ത ദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കയറ്റി വഴിയരികില്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ ഇല്ലാതാക്കാന്‍ അവര്‍ മൃതദേഹം കത്തിക്കുകയും ചെയ്‌തു.
ജോണ്‍സന്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കാനായി പ്രതികള്‍ ജോണ്‍സന്‍റെ മൊബൈല്‍ ഫോണും വാട്‌സ്‌ആപ്പും ഓണ്‍ ചെയ്‌ത് വച്ചിരുന്നു. ജൂണ്‍ നാലാം തീയതി സാന്ദ്രയുടെ പിറന്നാള്‍ ആയിരിക്കെ സാന്ദ്രയ്‌ക്ക് ആശംസകള്‍ അറിയിക്കുന്ന സ്‌റ്റാറ്റസും ജോണ്‍സന്‍റെ ഫോണില്‍ നിന്നും പ്രതികള്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികള്‍ നിലവില്‍ പൊലീസ് കസ്‌റ്റഡിയില്‍ തുടരുകയാണ്.