ഗ്വാളിയോർ (മധ്യപ്രദേശ്): യുവാവിനെ കള്ളക്കേസില്‍ കുടുക്കുകയും കോടതിയെ കബളിപ്പിച്ച് ഗർഭച്ഛിദ്രത്തിനുള്ള അനുമതി നേടുകയും ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിക്കും പിതാവിനും സഹോദരനും 6 മാസം തടവ് ശിക്ഷ. മധ്യപ്രദേശ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 മാര്‍ച്ച് 8 നായിരുന്നു സംഭവം.
തന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ സോനു പരിഹാർ എന്ന യുവാവ് ബലാത്സംഗം ചെയ്‌തുവെന്നും മകള്‍ ഗര്‍ഭിണി ആണെന്നും ആരോപിച്ച് ദാതിയ സ്വദേശി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ദാതിയ പൊലീസ് സോനു പരിഹാറിനെ അറസ്റ്റ് ചെയ്‌തു. ഹൈക്കോടതി ഇയാളെ ശിക്ഷിക്കുകയും പെണ്‍കുട്ടിക്ക് ഗർഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുകയും ചെയ്‌തു.
ട്വിസ്റ്റ് ഇങ്ങനെ: വിശദമായ അന്വേഷണത്തിനിടെ നടത്തിയ ഡിഎന്‍എ പരിശോധനയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തത് സോനു പരിഹാര്‍ അല്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുവാണെന്നും കണ്ടെത്തി. വിഷയത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് ദാതിയ പൊലീസിന് ഹൈക്കോടതി നോട്ടിസ് അയച്ചു. തന്നെ ബലാത്സംഗം ചെയ്‌തത് സോനു അല്ലെന്നും ബന്ധുവാണെന്നും തനിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാലും നാണക്കേട് ഭയന്നുമാണ് സോനുവിനെതിരെ കേസ് കൊടുത്തതെന്നും ഗര്‍ഭച്ഛിദ്രത്തിന് അനുമതി വാങ്ങിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.