ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നു എന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ഗുലാം നബി ആസാദ് കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഇടിവി ഭാരതിനോട് ഗുലാം നബി ആസാദ് പ്രതികരിച്ചു.
താന്‍ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണെന്ന എഎന്‍ഐ വാര്‍ത്തയില്‍ ഞെട്ടിയിരിക്കുകയാണെന്ന് ആസാദ് ഇടിവി ഭാരതിനോട് പറഞ്ഞു. തന്‍റെ അനുയായികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നിരുത്സാഹപ്പെടുത്താനായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്ലാന്‍റ് ചെയ്യുന്നതാണ് ഇത്തരം വാര്‍ത്തകള്‍. ഇങ്ങനെ വാര്‍ത്തകള്‍ പ്ലാന്‍റ് ചെയ്യുന്നത് സ്വഭാവമാക്കി മാറ്റിയ കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം നിയന്ത്രിക്കണം. എഎന്‍ഐ വാര്‍ത്തയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നും ആസാദ് ഇടിവി ഭാരതിനോട് പറഞ്ഞു.
ഓഗസ്റ്റ് 26നാണ് കോണ്‍ഗ്രസുമായുള്ള 52 വര്‍ഷത്തെ ബന്ധം ഗുലാം നബി ആസാദ് അവസാനിപ്പിക്കുന്നത്. ഡമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി ഒക്ടോബറില്‍ ഗുലാം നബി പ്രഖ്യാപിച്ചു. അതേസമയം ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസിന് മാത്രമെ ബിജെപിയുമായി മല്‍സരിക്കാന്‍ കെല്‍പ്പുള്ളൂ എന്ന് ഗുലാം നബി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കോണ്‍ഗ്രസ് നയങ്ങളില്‍ തനിക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന്‍റെ ദുര്‍ബലമായ സംഘടനാസംവിധാനത്തിലാണ് തനിക്ക് പ്രശ്‌നമെന്നും ഗുലാബ് നബി ആസാദ് പ്രതികരിച്ചിരുന്നു. ആസാദിനെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്രയില്‍ പങ്കെടുക്കുന്നതിനായി യാത്രയുടെ കണ്‍വീനര്‍ ദിഗ്‌വിജയ് സിങ് പരസ്യമായി ക്ഷണിച്ചിരുന്നു.
ആസാദിനെ തിരിച്ചുകൊണ്ടുവരുന്നതിനായി നേതാക്കളെ ചുമതലപ്പെടുത്തി എന്ന് വാര്‍ത്ത: ഇതേതുടര്‍ന്ന് മുന്‍ ജി23 നേതാക്കളായ അഖിലേഷ് പ്രസാദ് സിങ്ങും ഭൂപീന്ദര്‍ സിങ് ഹൂഡയും ചേര്‍ന്ന് ഗുലാം നബിയെ ബന്ധപ്പെടുകയും യാത്രയില്‍ പങ്കെടുക്കണം എന്ന് ആവശ്യപ്പെടുന്നതോടൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചുവരണമെന്നും ആവശ്യപ്പെട്ടതായി എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഖിലേഷ് പ്രസാദ് സിങ്ങിനെ ബിഹാറിലേയും ഭുപീന്ദര്‍ സിങ് ഹൂഡയെ ഹരിയാനയിലെയും പാര്‍ട്ടി അധ്യക്ഷന്‍മാരായി കോണ്‍ഗ്രസ് നിയമിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ആസാദിനോടൊപ്പം ചേര്‍ന്ന കശ്‌മീരിന്‍റെ മുന്‍ ഉപ മുഖ്യമന്ത്രി താരചന്ദ് അടക്കമുള്ള പലരും ആസാദിന്‍റെ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയിരിക്കുകയാണ്.
ആസാദിന്‍റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഗുലാം നബിയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇതിനായി അഖിലേഷ് പ്രസാദിനും ഭുപീന്ദര്‍ സിങ് ഹൂഡയ്‌ക്കും ഒപ്പം ഗാന്ധികുടുംബവുമായി ഏറെ അടുപ്പമുള്ള അംബികസോണിയേയും ചുമതലപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.