ന്യൂഡല്‍ഹി:കോണ്‍ഗ്രസിലെ വിമത കൂട്ടായ്മയായ ജി 23 നേതാക്കള്‍ സോണിയഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ഉടന്‍ ചര്‍ച്ച നടത്തും. ഗുലാം നബി അസാദും ജി 23ലെ മറ്റ് ചില നേതാക്കളുമായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക. സോണിയ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷം തീയതി അറിയിക്കാമെന്ന് രാഹുല്‍ ഗാന്ധി ജി 23 നേതാക്കളെ അറിയിച്ചതായാണ് വിവരം.
നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ ദയനീയ പ്രകടനത്തിന്‍റെ പശ്ചാത്തലത്തില്‍ നെഹ്‌റു കുടുംബം കോണ്‍ഗ്രസ് നേതൃത്വം ഒഴിയണമെന്ന് ജി 23 നേതാവായ കബില്‍ സിബല്‍ പ്രതികരിച്ചിരുന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന കേണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം സോണിയാഗാന്ധി ഇടക്കാല അധ്യക്ഷയായി തുടരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ പ്രകടനത്തില്‍ പ്രവര്‍ത്തക സമിതിയും ആശങ്ക പ്രകടിപ്പിച്ചു.
ഗുലാം നബി ആസാദ് മാത്രം കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷയായ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാനായിരുന്നു ജി23 നേതാക്കള്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ മറ്റ് ചില നേതാക്കള്‍ കൂടി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കഴിഞ്ഞ ബുധനാഴ്ച ജി23 നേതാക്കള്‍ ഗുലാം നബി ആസാദിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് പിജെ കുര്യനും ശശി തരൂരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുന്‍ ഹരിയാന മുഖ്യമന്ത്രിയും ജി 23 നേതാവുമായ ഭുപേന്ദ്ര സിങ് ഹൂഡ കഴിഞ്ഞ വ്യാഴാഴ്ച (17.03.2022) രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ജി 23 നേതാക്കളുടെ യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങള്‍ ഹൂഡയോട് രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നും പാര്‍ട്ടിയുടെ എല്ലാ പ്രധാന തീരുമാനങ്ങളും പ്രവര്‍ത്തകസമിതിയില്‍ ചര്‍ച്ചചെയ്ത് മാത്രമെ എടുക്കാവു എന്നും ഹൂഡ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു.