ന്യൂഡൽഹി: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ പ്രസിഡന്‍റ് ജഗത് പ്രകാശ് നദ്ദ വെള്ളിയാഴ്‌ച ഹൈദരാബാദിൽ റോഡ്ഷോ നടത്തും. നാഗോൾ ചൗരസ്‌ത മുതൽ കോത്തപേട്ട് ചൗരസ്‌ത വരെ വൈകുന്നേരം 4 മണിക്ക് രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്ഷോ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിജെപി അധികൃതർ അറിയിച്ചു. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഭൂപേന്ദ്ര യാദവ്, ജി കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇതിനകം ഹൈദരാബാദിലെത്തിയിട്ടുണ്ട്. ബിജെപി പ്രചാരണത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, സ്‌മൃതി ഇറാനി എന്നിവരും ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്.
ജിഎച്ച്എംസി തെരഞ്ഞെടുപ്പ്; ജെ പി നദ്ദയുടെ റോഡ്ഷോ ഇന്ന് - ബിജെപി റോഡ്ഷോ ഇന്ന്
ഭൂപേന്ദ്ര യാദവ്, ജി കിഷൻ റെഡ്ഡി, പ്രകാശ് ജാവദേക്കർ, സ്‌മൃതി ഇറാനി എന്നിവരും റോഡ്ഷോയിൽ പങ്കെടുക്കും.
സംസ്ഥാനത്തെ തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്), എഐഐഎം, ബിജെപി എന്നീ പാർട്ടികൾ തമ്മിൽ നടക്കാൻ പോകുന്ന ത്രികോണ മത്സരത്തിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിക്കാൻ തയ്യാറാവുന്നത്. ജിഎച്ച്എംസി തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ഡിസംബർ ഒന്നിനും വോട്ടെണ്ണൽ ഡിസംബർ 4 നും നടക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെ ബിജെപിയിലെ ഉന്നതർ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദിലെ ജിഎച്ച്എംസിക്കുള്ള പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വ്യാഴാഴ്‌ച ഫഡ്‌നാവിസ് പുറത്തിറക്കിയിരുന്നു. ഹൈദരാബാദിലെ ജനങ്ങൾക്കായി പാർട്ടി വാഗ്‌ദാനം ചെയ്‌ത കാര്യങ്ങളിൽ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യ ടാബ്‌ലെറ്റുകളും വെർച്വൽ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിന് സൗജന്യ വൈ-ഫൈ സൗകര്യവും ഉൾപ്പെടുന്നു. ഇതുകൂടാതെ ചേരി നിവാസികൾക്ക് 100 ശതമാനം സ്വത്ത്നികുതി ഇളവ്, എല്ലാ വീടുകൾക്കും സൗജന്യ കുടിവെള്ള വിതരണം എന്നിവ പ്രകടന പത്രികയിലെ മറ്റ് വാഗ്‌ദാനങ്ങളാണ്. പ്രളയബാധിതർക്ക് ഡയറക്‌ട് ബാങ്ക് ട്രാൻസ്‌ഫർ (ഡിബിടി) വഴി 25,000 രൂപ ധനസഹായം നൽകുമെന്നും ബിജെപി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.