ലഖ്‌നൗ : ലിംഗമാറ്റത്തിന് വിധേയരാകാൻ അനുമതി തേടുന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് മധ്യപ്രദേശ് സേനയില്‍ നിന്ന് മാർഗനിർദേശം തേടി യുപി പൊലീസ് (Gender change applications of policemen). ലിംഗമാറ്റത്തിനുപിന്നാലെ സേനയിൽ അവരെ ചുമതലപ്പെടുത്താവുന്ന കാര്യങ്ങളെക്കുറിച്ചും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഗൊരഖ്‌പൂർ, ഗോണ്ട, സീതാപൂർ, അയോധ്യ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് വനിത കോൺസ്റ്റബിൾമാര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി തേടി യുപി ഡിജിപിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് നടപടി.
സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വനിത പൊലീസുകാർക്ക് ലിംഗമാറ്റത്തിന് മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരുന്നു (MP Home Department has given permission For Gender Change). അതേസമയം ലിംഗമാറ്റത്തിന് ശേഷം വനിത ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ അനുവദിക്കില്ലെന്നും മധ്യപ്രദേശ് ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയിരുന്നു. രത്‌ലം ജില്ലയില്‍ നിയമിക്കപ്പെട്ട ഒരു കോൺസ്റ്റബിളിനും നിവാരി ജില്ലയിൽ വിന്യസിക്കപ്പെട്ട മറ്റൊരു വനിത ഉദ്യോഗസ്ഥയ്ക്കുമാണ് നേരത്തെ ലിംഗമാറ്റത്തിന് അനുവാദം നല്‍കിയത്.
ഉദ്യോഗസ്ഥരുടെ അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിൽ യുപി പൊലീസിന്‍റെ എസ്റ്റാബ്ലിഷ്‌മെന്‍റ് ഡിപ്പാർട്ട്‌മെന്‍റ് സംശയത്തിലാണ്. ഇതേത്തുടർന്നാണ് ഡിജിപി ഇക്കാര്യത്തിൽ മധ്യപ്രദേശ് പൊലീസിനോട് അഭിപ്രായം തേടിയത്. അതേസമയം യുപിയില്‍ നിന്ന് അപേക്ഷ നല്‍കിയ പൊലീസുകാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ്.