മുംബൈ:മുകേഷ് അംബാനിയുടെ വീടിന് സമീപത്തായി കാറില്‍ നിന്നും കണ്ടെത്തിയ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ മാരകശേഷിയുള്ളവയല്ലെന്ന് ഫോറന്‍സിക് വിഭാഗം. സ്കോര്‍പിയോ കാറില്‍ നിന്നും ലഭിച്ച 20 ജെലാറ്റിന്‍ സ്റ്റിക്കുകളും സ്ഫോടന ശേഷി കുറഞ്ഞവയാണ്. സ്റ്റിക്കുകളില്‍ അമോണിയം നൈട്രേറ്റിന്‍റെ അംശം കണ്ടെത്തിയിരുന്നു. ഗ്രാമങ്ങളില്‍ കിണര്‍ നിര്‍മാണം അടക്കമുള്ള ജോലികള്‍ക്ക് ഉപയോഗിക്കുന്ന തരം സ്ഫോടകവസ്തുക്കളാണ് ഇവയെന്നാണ് ഫോറന്‍സിക് വൃത്തങ്ങള്‍ പറയുന്നത്. കലിനയിലെ ലബോറട്ടറിയില്‍ പരിശോധനകള്‍ പൂര്‍ത്തിയായി. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അംബാനി കേസ്; കണ്ടെത്തിയത് ശേഷി കുറഞ്ഞ ജെലാറ്റിന്‍ സ്റ്റിക്കുകള്‍ - മുകേഷ് അംബാനി വാര്‍ത്തകള്‍
സ്കോര്‍പിയോ കാറില്‍ നിന്നും ലഭിച്ച 20 ജെലാറ്റിന്‍ സ്റ്റിക്കുകളും സ്ഫോടന ശേഷി കുറഞ്ഞവ. വ്യവസായി മന്‍സുക് ഹിരണിന്‍റെ ആന്തരികാവയവ പരിശോധന പുരോഗമിക്കുന്നു.
സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സ്കോര്‍പിയോ കാറും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനത്തിന്‍റെ ചേസിസ് നമ്പരില്‍ മാറ്റം വരുത്തിയോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് പരിശോധന. ഇതിനായി വിദഗ്ധരുടെ സഹായം തേടും. ചേസിസ് നമ്പര്‍ സ്ഥിരീകരിക്കാനായാല്‍ വാഹനത്തിന്‍റെ രജിസ്ട്രേഷനിലും ഉടമയാരെന്നതിലും വ്യക്തത വരും. വാഹനത്തില്‍ സഞ്ചരിച്ചിരുന്നവരെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുന്ന തെളിവുകള്‍ക്കായി പരിശോധന തുടരുകയാണ്. അംബാനിയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നവരെക്കുറിച്ചും മനസിലാക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
ദൂരുഹ സാഹചര്യത്തില്‍ മരിച്ച വ്യവസായി മന്‍സുക് ഹിരണിന്‍റെ ആന്തരികാവയവ പരിശോധനയും പുരോഗമിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്കോര്‍പിയോ കാറാണ് അംബാനിയുടെ വീടിന് മുന്നില്‍ നിന്നും കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള പദാര്‍ഥങ്ങള്‍ ആരെങ്കിലും ഹിരണിന് നല്‍കിയിരുന്നോയെന്ന് പരിശോധിക്കും. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. മന്‍സുകിന്‍റെ മരണത്തിലും വാസെ അന്വേഷണം നേരിടുന്നുണ്ട്. വലിയ രാഷ്ട്രീയ വിവാദമായ സംഭവത്തില്‍ മഹാരാഷ്ട്രാ ഭീകരവിരുദ്ധ സേനയും അന്വേഷണം നടത്തുകയാണ്.