ഹൈദരാബാദ്:സെന്‍ട്രല്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (Indian Statistical Organization)പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകളനുസരിച്ച സാമ്പത്തിക വര്‍ഷത്തിന്‍റ രണ്ടാം പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വന്‍ മുന്നേറ്റത്തിലാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളിലെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച ലക്ഷ്യമിട്ടതിലും ഏറെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. റിസര്‍വ് ബാങ്ക് ഇക്കാലയളവില്‍ ലക്ഷ്യമിട്ടത് 6.5 ശതമാനം വളര്‍ച്ചയായിരുന്നു. രാജ്യം കൈവരിച്ചതാകട്ടെ 7.6 ശതമാനവും.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തമായ തിരിച്ചു വരവിന്‍റെ ലക്ഷണമാണ് മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചയിലെ ഈ കുതിപ്പെന്ന് പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നു.
1999 ലാണ് സെന്‍ട്രല്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ഓരോ പാദത്തിലേയും ജി ഡി പി അനുമാനങ്ങള്‍ പുറത്തു വിട്ടു തുടങ്ങിയത്.ഉല്‍പ്പാദനവും ചെലവും സംബന്ധിച്ച സമീപന രേഖകളടക്കമുള്ള എസ്റ്റിമേറ്റുകളാണ് ഇങ്ങിനെ പുറത്തിറക്കാറുള്ളത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഏതു ദിശയിലാണെന്ന് മനസ്സിലാക്കാനും ഉല്‍പ്പാദനത്തോത് ഉയര്‍ത്താനാവശ്യമായ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും ഇത് സഹായിക്കുന്നു.
എല്ലാ സാമ്പത്തിക മേഖലകളും ഒരു പോലെ മികച്ച പ്രകടനം കാഴ്ച വെക്കുമ്പോള്‍ അത് സമതുലിതമായ വളര്‍ച്ച എന്ന് അറിയപ്പെടും അത്തരമൊരു വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ എല്ലാ മേഖലകളും പോസിറ്റീവ് വളര്‍ച്ച കൈവരിച്ചു. ഫിക്സഡ് കാപ്പിറ്റല്‍ ഫോര്‍മേഷനിലെ വന്‍ വര്‍ധന കാരണം സ്വകാര്യ നിക്ഷേപകരില്‍ ഉണര്‍വുണ്ടാക്കുകയും സ്വകാര്യ നിക്ഷേപം ഉയരുകയും ചെയ്തത് ജിഡിപിയിലെ പോസിറ്റീവ് വളര്‍ച്ചക്ക് വഴി വെച്ചു. സര്‍ക്കാര്‍ തലത്തിലും ക്ഷേമ കാര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും വന്‍ തോതിലുള്ള ചെലവഴിക്കല്‍ കൂടി ഇതോടൊന്നിച്ചുണ്ടായി . വര്‍ഷങ്ങളുടെ കണക്കെടുക്കുമ്പോള്‍ 10 പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ വ്യയമാണ് ഇത്തവണ ഉണ്ടായത്. 12.7 ശതമാനം. ഭാരത സര്‍ക്കാറിന്‍റെ മൂലധനച്ചെലവുകള്‍ ഉയര്‍ന്നതും ഉല്‍പ്പാദന വളര്‍ച്ചക്ക് പ്രധാന കാരണമായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം പാദത്തിലുണ്ടായിരുന്ന 9.6 ശതമാനത്തില്‍ നിന്ന് സര്‍ക്കാരിന്‍റെ ഫിക്സഡ് കാപ്പിറ്റല്‍ ഫോര്‍മേഷന്‍ 11.04 ശതമാനത്തിലേക്കെത്തി. മേഖലയിലെ നിക്ഷേപം ഉയര്‍ത്തുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ മൂലധനച്ചെലവുകള്‍ക്കായുള്ള വിഹിതം 37.4 ശതമാനം കണ്ട് ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ തവണത്തെ 7.28 ലക്ഷം കോടി രൂപയുടെ സ്ഥാനത്ത് 2023- 24 വര്‍ത്തെ ബജറ്റ് എസ്റ്റിമേറ്റ് നീക്കി വെച്ചത് 10 ലക്ഷം കോടി രൂപയായിരുന്നു. പൊതുവേ തെരഞ്ഞെടുപ്പ് വര്‍ഷത്തിന് തൊട്ടു മുമ്പുള്ള വര്‍ഷം സര്‍ക്കാരുകള്‍ മൂലധന ചെലവുകള്‍ കൂട്ടുന്നത് സ്വാഭാവികമാണ്.
വിവിധ സെക്ടറുകളിലെ പ്രകടനം പരിശോധിക്കുമ്പോള്‍ നിര്‍മ്മാണ മേഖലയാണ് ഏറെ മുന്നിലുള്ളത്. കഴിഞ്ഞ ഒമ്പത് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായ 13.9 ശതമാനമാണ് നിര്‍മാണ മേഖല രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ വളര്‍ച്ചാ നിരക്ക് -3.8 ശതമാനമായിരുന്നു. വ്യവസായ ഉല്‍പ്പാദനം കൂടിയതും, റിയല്‍ എസ്റ്റേറ്റ് മേഖല പുനരുജ്ജീവിച്ചതും,നിര്‍മാമണ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും ലോഹങ്ങളുടേയും വില നിശ്ചിത നിലവാരത്തില്‍ പിടിച്ചു നിര്‍ത്താനായതും താങ്ങാവുന്ന നിരക്കില്‍ സുലഭമായ വൈദ്യുതിയും ഈ മേഖലയുടെ കുതിപ്പിന് സഹായകമായി. മൈനിങ്ങ് ക്വാറി മേഖലയിലും 10 ശതമാനത്തിന്‍റെ വളര്‍ച്ച ഉണ്ടായി. കഴിഞ്ഞ വര്‍ഷത്തെ നെഗററീവ് വളര്‍ച്ചയുടെ സ്ഥാനത്താണ് ഈ കുതിപ്പ്. -0.1 ശതമാനമായിരുന്നു ഖനി മേഖലയിലെ വളര്‍ച്ച. കല്‍ക്കരി, ക്രൂഡ് ഓയില്‍, സിമന്‍റ് , ഉരുക്ക് എന്നിവയുടെ ഉല്‍പ്പാദനത്തിലും ഉപഭോഗത്തിലും കാര്യമായ വളര്‍ച്ച രേഖപ്പെടുത്തി. പ്രൈവറ്റ് ഫൈനല്‍ കണ്‍സംപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതും ഗുണകരമായി കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലുണ്ടായിരുന്ന 8.1 ശതമാനത്തില്‍ നിന്ന് ഇത്തവണ ഉപഭോക്തൃ ചെലവുകള്‍ 3.1 ശതമാനത്തിലേക്കാണ് കുറഞ്ഞത്.
കാര്‍ഷിക മേഖലയിലെ വളര്‍ച്ച മറ്റു മേഖലകളിലേതു പോലെ മികച്ചതായില്ല.കഴിഞ്ഞ വര്‍ഷം 2.5 ശതമാനം വളര്‍ച്ച ഉണ്ടായിരുന്നത് ഇത്തവണ 1.2 ശതമാനമായി കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കാര്‍ഷിക മേഖലയിലെ പ്രകടനം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.