ഡൽഹി : ഡൽഹി രോഹിണി കോടതി വെടിവയ്പ്പ് കേസിലെ പ്രതിയായ തില്ലു താജ്‌പൂരിയ തിഹാർ ജയിലിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. എതിർ ഗുണ്ട സംഘത്തിലെ യോഗേഷ് തുണ്ടയും സഹതടവുകാരും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് തില്ലു താജ്‌പൂരിയ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ പരിക്കേറ്റ തില്ലുവിനെ ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിഹാർ ജയിൽ ഉദ്യോഗസ്ഥരുടെ മൊഴിയനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ നിലയിൽ തിഹാർ ജയിലിൽ നിന്നും രണ്ട് വിചാരണ തടവുകാരെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചതായി രാവിലെ ഏഴ് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഇവരിൽ ഒരാളെ അബോധാവസ്ഥയിലാണ് കൊണ്ടുവന്നതെന്നും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണപ്പെട്ടതായി സ്ഥിരീകരിച്ചെന്നും വെസ്റ്റ് ഡിസ്ട്രിക്‌ട് അഡീഷണൽ ഡിസിപി അക്ഷത് കൗശൽ പറഞ്ഞു.
തില്ലു എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സുനിൽ ആണ് മരണപ്പെട്ടത്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഹിത് അപകടനില തരണം ചെയ്‌തിട്ടുണ്ട്. തിഹാറിലെ എട്ടാം നമ്പർ ജയിലിൽ കഴിഞ്ഞിരുന്ന യോഗേഷ് തുണ്ട എന്ന തടവുകാരനും മറ്റ് എതിരാളികളായ സംഘാംഗങ്ങളും ജയിൽ നമ്പർ 9ൽ തടവിലായിരുന്ന തില്ലുവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ചതായാണ് പൊലീസ് പറയുന്നത്.
രോഹിണി കോടതിയിലെ വെടിവെപ്പ് കേസിലെ പ്രധാന സൂത്രധാരനായി തില്ലു താജ്‌പൂരിയയെ പ്രതി ചേർത്തിരുന്നു. 2021ൽ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണി കോടതിയിലെ റൂം നമ്പർ 207ൽ നടന്ന വെടിവെപ്പിൽ ഗോഗി എന്ന പേരിലറിയപ്പെടുന്ന ജിതേന്ദർ മാനും മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഗോഗി തിഹാർ ജയിലിലാണ് ശിക്ഷ അനുഭവിച്ചിരുന്നത്.