ചലച്ചിത്ര പ്രേമികളുടെ ഇഷ്ട സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചുവടുവയ്പ്പിൽ. സംവിധാനത്തിന് പുറമെ നിർമാണ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ലോകേഷ്. 'ജി സ്ക്വാഡ്' എന്ന പ്രൊഡക്ഷൻ ഹൗസുമായാണ് ലേകേഷ് കനകരാജ് എത്തുന്നത്.
ലോകേഷ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രേക്ഷകരെ അറിയിച്ചത്. താൻ ഒരു പുതിയ യാത്ര ആരംഭിക്കുകയാണെന്നും സംവിധായകനായപ്പോൾ തനിക്ക് തന്ന സ്നേഹവും പിന്തുണയും നിർമാതാവാകുമ്പോഴും ഉണ്ടായിരിക്കണമെന്നും ലോകേഷ് പറഞ്ഞു. മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കൂടിയാണ് ഇത്തരം ഒരു സംരംഭമെന്നും ലോകേഷ് പറയുന്നു.
ലോകേഷ് കനകരാജിന്റെ വാക്കുകൾ ഇങ്ങനെ:'എന്റെ സുഹൃത്തുക്കളുടെയും സഹായികളുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കാനും, അതുവഴി പുതിയ സിനിമകൾ യാഥാർഥ്യമാക്കാനുമുള്ള ആത്മാർഥമായ ശ്രമത്തോടെയാണ് ഞാൻ ജി സ്ക്വാഡിനൊപ്പം നിർമാതാവായി ഒരു പുതിയ യാത്ര ആരംഭിക്കുന്നത്. സിനിമാപ്രേമികളുടെ, എല്ലാ പ്രിയപ്പെട്ട പ്രേക്ഷകരുടെയും സ്നേഹവും പിന്തുണയുമാണ് എന്റെ സംവിധാന സംരംഭങ്ങളിൽ നെടുംതൂണായത്. ഒരു നിർമാതാവ് എന്ന നിലയിലുള്ള ഈ പുതിയ ശ്രമത്തിനും ഈ പ്രൊഡക്ഷൻ ഹൗസിലൂടെ സൃഷ്ടിക്കപ്പെട്ടുന്ന സിനിമകൾക്കും ഞാൻ അതേ പിന്തുണ പ്രതീക്ഷിക്കുന്നു'.
ലോകേഷ് കനകരാജിന്റെ പുതിയ യാത്രയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ജി സ്ക്വാഡ് മഹത്തായ വിജയമായി തീരട്ടെയെന്ന് സിനിമാരംഗത്തെ പ്രമുഖ താരങ്ങളും അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നിർമാതാക്കളും സോഷ്യൽ മീഡിയയിൽ ആശംസിച്ചു. അതേസമയം 'ജി സ്ക്വാഡ്' പ്രൊഡക്ഷന്റെ ബാനറിൽ നിന്നുള്ള ആദ്യ സിനിമയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരുമെന്നാണ് വിവരം.