ഹൈദരാബാദ്:തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. ജീവിതത്തില്‍ പകർത്തേണ്ട മൂല്യങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്ന് കൊടുക്കുന്നതിനോടൊപ്പം സാമ്പത്തികമായി അവരെ സുരക്ഷിതമാക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കാറുണ്ട്. പെൺമക്കളാണെങ്കിലോ, ഈ കരുതല്‍ അല്‍പം കൂടാനാണ് സാധ്യത. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
രണ്ട് പെൺകുട്ടികളുള്ള മാതാപിതാക്കളുടെ കാര്യമെടുത്ത് നോക്കാം. ഇവർക്ക് ഈ കുട്ടികളുടെ ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാൻ കുറഞ്ഞത് 15 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ വരെ നിക്ഷേപിക്കാമെങ്കിൽ, ഇനി പറയുന്ന കാര്യങ്ങള്‍ സഹായകമാകും. മാതാപിതാക്കൾ അവരുടെ പെൺമക്കളുടെ ഭാവി സാമ്പത്തിക ആവശ്യങ്ങൾക്ക് മതിയായ സംരക്ഷണം നൽകണമന്ന് വിദഗ്‌ധർ നിർദേശിക്കുന്നു. ഇതിനായി അവരുടെ പേരിൽ വാർഷിക വരുമാനത്തിന്‍റെ 10 ഇരട്ടിയെങ്കിലും ടേം ഇൻഷുറൻസ് പോളിസി എടുക്കാം.
10,000 രൂപയിൽ 3,000 രൂപ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാം. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു ഡെപ്പോസിറ്റ് സ്‌കീം ആണ് സുകന്യ സമൃദ്ധി യോജന. പെണ്‍കുട്ടികളുടെ ശോഭനമായ ഭാവിക്കായുള്ള ഈ പദ്ധതി പ്രധാന മന്ത്രിയുടെ 'ഇന്ത്യയെ ശാക്തീകരിക്കല്‍' എന്ന പരിപാടിയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതി 8.1 ശതമാനം പലിശ നിരക്ക് പെണ്‍കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. പദ്ധതി തുടങ്ങിയതിന് ശേഷം 1.8 ലക്ഷം അക്കൗണ്ടുകള്‍ തുറന്നതായാണ് കണക്കുകൾ. ഈ പദ്ധതി പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആദായ നികുതി (Income Tax) ഇല്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത.
അതേസമയം 10,000 രൂപയിൽ പിന്നീട് ശേഷിക്കുന്ന 7,000 രൂപ വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടുകളിൽ ഒരു സ്‌ട്രാറ്റിഫൈഡ് ഇൻവെസ്റ്റ്‌മെന്‍റ് സ്ട്രാറ്റജിയിൽ നിക്ഷേപിക്കാവുന്നതാണ്. സാധ്യമാകുമ്പോഴെല്ലാം ഈ തുക വർധപ്പിക്കുകയും ചെയ്യാം. 15 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ശരാശരി വാർഷിക വരുമാനം 12 ശതമാനം കണക്കാക്കി 44,73,565 രൂപ ആയിരിക്കും.