ബങ്ക (ബിഹാര്‍):സുഹൃത്തുക്കളെ യാത്രയാക്കി മടങ്ങിയ മൂന്ന് യുവാക്കള്‍ അതിവേഗ ട്രെയിനിടിച്ച് മരിച്ചു. ദിയോഘറിലേക്ക് തീര്‍ഥാടനത്തിന് തിരിക്കുന്ന സുഹൃത്തുക്കളെ യാത്രയാക്കി മടങ്ങിയ യുവാക്കളാണ് കട്ടോറിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബങ്ക-ജാസിദിഹ് റെയിൽ പാതയില്‍ ദിയോഘര്‍-അഗര്‍തല എക്‌സ്‌പ്രസ് ട്രെയിനിടിച്ച് മരിച്ചത്.
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ : കട്ടോറിയ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന പപരേവ പ്രദേശത്തെ ലീലാസ്ഥാൻ പ്രദേശവാസികളാണ് മരിച്ച മണിക്‌ലാൽ മുർമു, അരവിന്ദ് മുർമു, സീതാറാം മുർമു എന്നീ യുവാക്കള്‍. സുഹൃത്തുക്കളായ മൂവരും ദിയോഘറിലേക്ക് തീർത്ഥാടനം നടത്തുന്ന ഉറ്റ ചങ്ങാതിമാരെ യാത്രയാക്കി കാൽനടയായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ദേവസി മോറിലെ ട്രാഫിക് ഇന്‍റർസെക്‌ഷനുകളില്‍ നിന്നായിരുന്നു ഇവര്‍ മടങ്ങിയതെന്ന് പൊലീസ് അറിയിച്ചു. ക്ഷീണം കാരണം ഇവര്‍ ട്രാക്കിൽ ഉറങ്ങിപ്പോയെന്നാണ് അനുമാനിക്കുന്നതെന്നും ഇതിനിടയിൽ അമിതവേഗതയിൽ വന്ന ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മരിച്ചവരുടെ മൃതദേഹങ്ങൾ പൊലീസ് പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചുവെന്ന് ബെൽഹാർ എസ്ഡിപിഒ പ്രേംചന്ദ്ര സിങ് അറിയിച്ചു. ഇവരിൽ നിന്ന് മൊബൈൽ ഫോണും കാവി നിറത്തിലുള്ള തുണിയും ഒരു വടിയും കണ്ടെടുത്തതായും സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ച വാര്‍ത്തയറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.
കാലില്‍ ചവിട്ടിയതിന് കൊലപാതകം : അടുത്തിടെ ട്രെയിനനകത്ത് വച്ച് കാലിൽ അബദ്ധത്തിൽ ചവിട്ടിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തില്‍ 65കാരന്‍ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്‌ട്ര താനെയിലെ കല്യാൺ-തിത്‌വാല ലോക്കൽ ട്രെയിനിലെ ലഗേജ് കമ്പാർട്ട്‌മെന്‍റിലാണ് സംഭവം. തിരക്കിനിടെ പിതാവിന്‍റെ കാലില്‍ ചവിട്ടിയതിന് സിന്ദ് സ്വദേശിയായ സുനിൽ യാദവ് (50) ആണ് 65 കാരനായ ബബൻ ഹന്ദേ ദേശ്‌മുഖിനെ കൊലപ്പെടുത്തിയത്.
അംബിവലി റെയിൽവേ സ്‌റ്റേഷന് സമീപമുള്ള അത്താലി ഗ്രാമ നിവാസിയാണ് കൊല്ലപ്പെട്ട ബബൻ ഹന്ദേ ദേശ്‌മുഖ്. റേഷന്‍ കാര്‍ഡിലെ പേരിലെ തിരുത്തലുകള്‍ക്കായി കല്യാണ്‍ വെസ്‌റ്റിലെ റേഷന്‍ ഓഫിസിലേക്ക് തിരിച്ചതായിരുന്നു ഇദ്ദേഹം. ഇതിന് ശേഷം അംബിവാലിയിലേക്ക് മടങ്ങാന്‍ ബബൻ ഹന്ദേ ദേശ്‌മുഖ് കല്യാണ്‍ റയില്‍വേ സ്‌റ്റേഷനിലെത്തി. ഈ സമയത്ത് പ്രതി സുനിൽ യാദവും പിതാവും ലോക്കല്‍ ലഗേജ് കമ്പാര്‍ട്ട്‌മെന്‍റില്‍ യാത്ര ചെയ്യുകയായിരുന്നു.
ട്രെയിന്‍ കല്യാണ്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ബബൻ ഹന്ദേ ദേശ്‌മുഖ് തിടുക്കത്തില്‍ ട്രെയിനില്‍ കയറിയപ്പോള്‍ തിരക്കില്‍പെട്ട് ഇദ്ദേഹം സുനില്‍ യാദവിന്‍റെ പിതാവിന്‍റെ കാലില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. ഇതോടെ ബബൻ ഹന്ദേ ദേശ്‌മുഖും സുനില്‍ യാദവും ഇതിനെ ചൊല്ലി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഇതിനിടെ സുനില്‍ യാദവ് ദേശ്‌മുഖിനെ മര്‍ദിക്കുകയും തലയില്‍ ഇടിക്കുകയുമായിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് ദേശ്‌മുഖ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഇതോടെ യാത്രക്കാര്‍ ചേര്‍ന്ന് പ്രതിയായ യാദവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Also Read: Train Ticket| ട്രെയിന്‍ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാന്‍ റെയില്‍വേ; വന്ദേ ഭാരത് അടക്കമുള്ളവയ്‌ക്ക് 25 ശതമാനം കിഴിവ്