സൂറത്ത്(ഗുജറാത്ത്):തെരുവ് നായകളുടെ ആക്രമണത്തില്‍ നാല് വയസുള്ള കുട്ടി മരണപ്പെട്ടു. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ പൽസാന താലൂക്കിലെ കരേലി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു മില്ലിന്‍റെ തുറസായ കോമ്പൗണ്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തെരുവ് നായകള്‍ ആക്രമിച്ചത്.
മാരകമായി പരിക്ക് പറ്റിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അപകട മരണം എന്ന നിലയില്‍ പൊലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. ഈ ദാരുണ സംഭവം സമീപ വാസികളില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചിട്ടുണ്ട്.
കെജ്‌രിവാള്‍ മില്ലിലെ തൊഴിലാളിയായ അശോക് കുക്ക മച്ചറിന്‍റെ മകനാണ് മരണപ്പെട്ടത്. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ നിന്നുള്ള ആളാണ് ഇദ്ദേഹം. മകന്‍റെ മൃതദേഹവുമായി ഇദ്ദേഹം രാജസ്ഥാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ രക്ഷിക്കാനായി ഓടിയെങ്കിലും കുട്ടിക്ക് നായകളുടെ ആക്രമണത്തില്‍ വലിയ പരിക്കുകള്‍ പറ്റിയിരുന്നു. കുട്ടിയെ നായകള്‍ കുറച്ചധികം ദൂരത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. ശരിയായ താമസ സൗകര്യം മില്‍ അധികൃതര്‍ ഒരുക്കാത്തത് കൊണ്ടാണ് ഇവര്‍ക്ക് തുറസായ സ്ഥലത്ത് ഉറങ്ങേണ്ടി വന്നത്.
നാല് നായകളാണ് കുട്ടിയെ ആക്രമിച്ചത്. വളരെ ആഴത്തിലുള്ള മുറിവുകള്‍ കുട്ടിയുടെ ദേഹത്ത് ഉണ്ടായിരുന്നു എന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.