ചണ്ഡീഗഢ്: ഗുരുഗ്രാമിൽ വായ്‌പ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. ഗുരുഗ്രാമിലും നോയിഡയിലും വ്യാജ കോൾ സെന്‍ററുകൾ നടത്തി ആളുകളെ കൊള്ളയടിക്കുകയായിരുന്നു പ്രതികൾ. ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷത്തോളം ആളുകൾക്ക് ഇവർ മൈക്രോ ലോണുകൾ വിതരണം ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അറസ്‌റ്റിലായവരെല്ലാം ചൈന കേന്ദ്രീകൃത ലോൺ ആപ്ലിക്കേഷന്‍റെ മാനേജ്‌മെന്‍റ് പദവിയിലുള്ളവരാണ്. സംഭവത്തിൽ മൂന്ന് പേരെ വെള്ളിയാഴ്‌ച പിടികൂടിയിരുന്നു. നാലാമത്തെ പ്രതിയെ ശനിയാഴ്‌ചയാണ് പൊലീസ് പിടികൂടിയത്.
ദീപക്, സാക്ഷി സേത്തിയ, അങ്കിത്, ദിവ്യാൻഷ് എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സിറ്റി കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മെയ് 10ന് ഈസ്‌റ്റ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പ്രദേശവാസി നൽകിയ പരാതിയെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.
Also read: പെട്ടെന്ന് അയയ്ക്കണമെന്ന് സിഇഒ അദാർ പൂനാവാലയുടെ പേരിൽ വാട്‌സ്ആപ്പ് സന്ദേശം ; സെറം ഇൻസ്റ്റിറ്റ്യൂട്ടിന് നഷ്‌ടമായത് ഒരു കോടി
തട്ടിപ്പ് നടത്തിയ ഓൺലൈൻ ആപ്പ് വഴി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പരാതിക്കാരൻ വായ്‌പയ്ക്ക് അപേക്ഷിച്ചിരുന്നു. ആപ്പില്‍ നിന്ന് ലോൺ ലഭിക്കുകയും 2021 ഒക്‌ടോബറോടെ തുക തിരിച്ചടക്കുകയും ചെയ്‌തു. എന്നാൽ പിന്നീട് വ്യത്യസ്‌തമായ നാല് ആപ്പുകളിൽ നിന്ന് നിരന്തരമായി കോളുകൾ വരികയും നിരസിച്ചപ്പോൾ ശല്യപ്പെടുത്തുകയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മോർഫ് ചെയ്‌ത ഫോട്ടോകൾ അയച്ചുകൊടുക്കുകയുമായിരുന്നുവെന്നാണ് പരാതി.
ആവശ്യക്കാർക്ക് ചെറിയ വായ്‌പകൾ നൽകി ഉയർന്ന പലിശയും പ്രോസസിങ് ഫീസും ഈടാക്കി വായ്‌പ തുക പലമടങ്ങായി തിരിച്ചുപിടിക്കുകയാണ് പ്രതികൾ ചെയ്‌തുവരുന്നത്. പരാതിക്കാരനേയും കുടുംബാംഗങ്ങളേയും അശ്ലീല സന്ദേശങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഗുരുഗ്രാമിൽ 2021 ജൂലായ് മുതൽ സംഘം സജീവമായിരുന്നു.
തുടർന്ന് ഇഡി റെയ്‌ഡ് നടത്തിയ സാവ്രോൺ ഫിനാൻസുമായി ചേർന്ന് കമ്പനി അതിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഗുരുഗ്രാം പൊലീസ് കമ്മിഷണർ കല രാമചന്ദ്രൻ പറഞ്ഞു. പിടികൂടിയ പ്രതികൾ വെറും ഡമ്മികൾ ആണെന്നും തട്ടിപ്പിന്‍റെ യഥാർഥ തലവൻ ചൈനക്കാരനായ ടെയ് സെസ്റ്റർ ആണെന്നും പൊലീസ് അറിയിച്ചു. കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.