ഭട്‌കൽ (കർണാടക):ഉത്തരകന്നഡയിലെ ഭട്‌കൽ താലൂക്കില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഹഡവല്ലി ഗ്രാമത്തിന് സമീപം വെള്ളിയാഴ്‌ചയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. പ്രാഥമിക അന്വേഷണത്തിൽ സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് വ്യക്തമായതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഹഡവല്ലി ഗ്രാമത്തിലെ ഒനിബാഗിലു സ്വദേശികളായ ശംഭു ഭട്ട് (65), ഭാര്യ മാദേവി ഭട്ട് (45), മകൻ രാജീവ് ഭട്ട് (34), മരുമകൾ കുസുമ ഭട്ട് (30) എന്നിവരാണ് മരിച്ചത്. അന്നേ ദിവസം വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയും, സംഭവം നടക്കുന്ന സമയം അയൽ വീട്ടിലായിരുന്ന മറ്റൊരു കുട്ടിയും കൊലയാളിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.
മരിച്ച വീട്ടുകാരുടെ അടുത്ത ബന്ധുവായ വിനയ് ഭട്ടാണ് അരിവാൾ ഉപയോഗിച്ച് ആക്രമിച്ച് നാല് പേരെയും കൊലപ്പെടുത്തിയത്. കുടുംബക്കാർ തമ്മിലുള്ള സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കപ്പെടുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച ശംഭു ഭട്ടിൻ്റെ മൂത്തമകൻ്റെ ഭാര്യ വിദ്യയേയും, വിദ്യയുടെ പിതാവ് ശ്രീധറിനെയും കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. മറ്റൊരു പ്രതിയായ വിദ്യയുടെ സഹോദരൻ വിനയ്‌ക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കൊലപാതക കാരണം സ്വത്ത് തർക്കം:ഏഴു മാസം മുൻപാണ് ശംഭു ഭട്ടിൻ്റെ മൂത്ത മകൻ ശ്രീധർ ഭട്ട് അസുഖം ബാധിച്ച് മരണപ്പെട്ടത്. ശ്രീധർ ഭട്ടിൻ്റെ മരണശേഷം ഭാര്യ വിദ്യ ഭട്ടുമായി കുടുംബസ്വത്ത് ഭാഗംവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുകാരുമായി വഴക്കുകൾ നടന്നിരുന്നു. തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം ശംഭു ഭട്ട് മരുമകൾ വിദ്യയ്ക്ക് സ്വത്തിൽ ഓഹരി എഴുതി നൽകി.
also read:എനാദിമംഗലത്ത് വീട് കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസ്: മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ
എന്നാൽ അതുകൊണ്ടൊന്നും അവർക്കിടയിലെ സ്വത്ത് തർക്കം തീർന്നിരുന്നില്ല. തുടർന്ന് വിദ്യയുടെ ഭർതൃപിതാവിൽ നിന്ന് ലഭിച്ച സ്വത്ത് കൈകാര്യം ചെയ്‌തു വന്നിരുന്ന വിനയ് ഭട്ടാണ് കൃത്യം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. നാടിനെ നടുക്കിയ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പോലീസ് സ്ഥലത്തെത്തിയപ്പൊൾ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. സംഭവത്തിൽ ഭട്‌കൽ റൂറൽ സ്റ്റേഷനിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
പൊലീസ് പ്രതികരണം: 'ആടുവള്ളി ഗ്രാമത്തിൽ ശംഭു ഭട്ട് ഉൾപ്പെടെയുള്ള കുടുംബത്തിലെ നാല് പേരെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ശംഭു ഭട്ടിൻ്റെ മകൾ ജയ അഡിഗാരയാണ് പോലീസിൽ പരാതി നൽകിയത്. അഡിഗാരയുടെ സഹോദരൻ ശ്രീധറിൻ്റെ ഭാര്യാപിതാവ് ശ്രീധർ, ഭാര്യ വിദ്യ, ഭർതൃസഹോദരൻ വിനയ് എന്നിവർക്കെതിരെയാണ് യുവതി കൊലക്കുറ്റത്തിന് പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, ഭട്‌കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഉത്തരകന്നഡ അഡീഷണൽ ജില്ല പൊലീസ് സൂപ്രണ്ട് സി.ടി. ജയകുമാർ പറഞ്ഞു'.