ജോധ്‌പൂര്‍ :രാജസ്ഥാനിലെ ജോധ്‌പൂരില്‍ അരുംകൊല. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ അടക്കം ഒരു കുടുംബത്തിലെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. ഒസിയന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാംനഗര്‍ പഞ്ചായത്തിലെ ഗംഗാനി കി ധാനി സ്വദേശി പൂനാരം ബേഡ് (55), ഇയാളുടെ ഭാര്യ ഭന്‍വാരി ദേവി (50), മരുമകള്‍ ധാപു (20), ധാപുവിന്‍റെ ഏഴുമാസം പ്രായമായ മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് (ജൂലൈ 19) പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ക്രൂര സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന നാലു പേരുടെയും കഴുത്തറുത്താണ് കൊല ചെയ്‌തിരിക്കുന്നത്. കൃത്യം നടത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിക്കാനുള്ള ശ്രമം നടന്നതായും പൊലീസ് പറഞ്ഞു.
കുടുംബത്തെ കൊലപ്പെടുത്തി വീടിന് തീ വച്ചതായാണ് പൊലീസ് നിഗമനം. കുഞ്ഞിന്‍റെ മൃതദേഹം പൂര്‍ണമായും കത്തിയ നിലയിലാണ്. മറ്റുള്ളവരുടെ ശരീരം ഭാഗികമായും കത്തിയിട്ടുണ്ട്.
റൂറൽ പൊലീസ് സൂപ്രണ്ട് ധർമേന്ദ്ര സിങ് യാദവ് സംഭവ സ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ജോധ്പൂരിൽ നിന്ന് ഫോറൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ല കലക്‌ടർ ഹിമാൻഷു ഗുപ്‌തയും സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം, ക്രൂര കൃത്യം നടന്നടതറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചു കൂടിയത്. ജനരോഷം കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നു.
ഭര്‍ത്താവിനെ കുത്തി കൊലപ്പെടുത്തി യുവതി: വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്‍റെ മരണം കൊലപാതകമെന്ന് പൊലീസ് അടുത്തിടെ കണ്ടെത്തിയിരുന്നു. വിനോദും ഭാര്യ നിഷയും തമ്മിലുണ്ടായ വഴക്കിനിടെ കത്തികൊണ്ട് കുത്തേറ്റതാണ് വിനോദ് മരിക്കാന്‍ ഇടയാക്കിയത്. സംഭവത്തില്‍ നിഷയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ജൂലൈ 11ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയായിരുന്നു നിഷ. ഇവരുടെ ഫോൺ കോളുകളില്‍ സംശയിച്ചിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺ ചെയ്യുന്നത് കണ്ട് വഴക്കിടുകയും മൊബൈല്‍ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്‌തു.
നിഷ ഫോൺ കൊടുക്കാതിരുന്നതോടെ പിടിവലിയായി. ഇതിനിടെ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തി പരിക്കേൽപ്പിച്ചു. നെഞ്ചിൽ ആണ് വിനോദിന് കുത്തേറ്റത്. കുത്തേറ്റതോടെ ഇയാള്‍ കട്ടിലില്‍ ഇരുന്നു. മുറിവ് കണ്ട് ഭയന്ന നിഷ രക്തം വാര്‍ന്നുവന്ന ഭാഗം അമർത്തിപ്പിടിച്ചു. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും വിനോദ് തളർന്ന് പോവുകയുമായിരുന്നു.
ഇവരുടെ വീട്ടില്‍ നിന്ന് ശബ്‌ദമൊന്നും കേൾക്കാതെ വന്നതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്‍റെ മാതാവ് വന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, ഇരുവരും ശാന്തരായി ഇരിക്കുന്നത് കണ്ട് തിരിച്ചുപോയി. ഏറെ നേരം കഴിഞ്ഞിട്ടും വിനോദിന്‍റെ രക്തസ്രാവം നിലക്കാത്തത് കണ്ട് വാഹനം വിളിച്ചുവരുത്തി നിഷ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയ്‌ക്കിടെ ആരോഗ്യനില വഷളാകുകയും തുടര്‍ന്ന് വിനോദ് മരണത്തിന് കീഴടങ്ങുകയും ചെയ്‌തു.
Also Read:Thrissur Murder | വരന്തരപ്പിള്ളി സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ പിടിയില്‍