ബെംഗളൂരു : മാസം തോറും വീടുകളില്‍ മുടങ്ങാതെ എത്തുന്ന ഒന്നാണ് വൈദ്യുതി ബില്‍. ചില മാസങ്ങളില്‍ നമുക്ക് ആശ്വാസമാകുന്ന ബില്‍ മറ്റുചിലപ്പോള്‍ ഏറെ ആശങ്ക സൃഷ്‌ടിക്കാറുണ്ട്. വൈദ്യുതി ഉപയോഗം ഏത്ര കുറച്ചാലും ബില്ലുമായി കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തുമ്പോള്‍ കാത്തുനില്‍പ്പ് അല്‍പ്പം നെഞ്ചിടിപ്പോടെയാകും.
അത്തരത്തില്‍ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയ ഗൃഹനാഥന്‍റെ വാര്‍ത്തയാണ് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്ന് പുറത്ത് വരുന്നത്. ഒറ്റമുറിയുള്ള ചെറിയ വീടിന് 4 ലക്ഷത്തിലധികമാണ് ഒരു മാസത്തെ വൈദ്യുതി ബില്‍. ഇന്ദിര നഗറിലെ താമസക്കാരനായ മഹേഷാണ് കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയത്.
4,26,852 രൂപയുടെ വൈദ്യുതി ബില്ലാണ് മഹേഷിനെ പരിഭ്രാന്തിയിലാക്കിയത്. ഓണ്‍ലൈനായി ബില്‍ അടക്കാന്‍ നോക്കിയപ്പോഴാണ് തുക കണ്ട് മഹേഷ് ആശങ്കയിലായത്. ഷോക്ക് അല്‍പ്പം വിട്ടുമാറിയതിന് പിന്നാലെ മഹേഷ് നേരെ കെഎസ്‌ഇബി ഓഫിസിലേക്ക് വച്ചുപിടിച്ചു. ഓഫിസിലെത്തി വിവരം പറഞ്ഞതിന് പിന്നാലെ മഹേഷിനൊപ്പം ഉദ്യോഗസ്ഥന്‍ വീട്ടിലെത്തി പരിശോധന നടത്തി.
അതിന് ശേഷമാണ് മഹേഷിന് ആശ്വാസമായത്. മീറ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്‍ സാങ്കേതിക പിഴവാണ് ബില്‍ തുക മാറി വരാന്‍ കാരണമെന്ന് വ്യക്തമാക്കി. മാത്രമല്ല പരിശോധന നടത്തിയതിന് പിന്നാലെ യഥാര്‍ഥ ബില്‍ തുകയായ 855 രൂപ അടയ്‌ക്കാന്‍ മഹേഷിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
വിഷയത്തില്‍ പ്രതികരിച്ച് വീട്ടമ്മ : തങ്ങളുടെ വീട്ടില്‍ ഒരു ഫ്രിഡ്‌ജും മൂന്ന് ഫാനുകളുമാണുള്ളത്. മഴക്കാലമായതിനാല്‍ ഇവയുടെ മൂന്നിന്‍റെയും ഉപയോഗം കുറവാണെന്നും സാധാരണയായി 700 രൂപ മുതല്‍ 1000 രൂപ വരെയാണ് വൈദ്യുതി ബില്‍ ലഭിക്കാറുള്ളതെന്നും വീട്ടമ്മയായ വീരമ്മ പറഞ്ഞു. എന്നാല്‍ ഇത്തവണ ബില്‍ കണ്ട് തങ്ങള്‍ ഞെട്ടിയെന്നും അവര്‍ വിശദീകരിച്ചു.
കറണ്ട് ബില്ലില്‍ ഷോക്കേറ്റ് പുതുച്ചേരിക്കാരന്‍ : പുതുച്ചേരി വിശ്വനാഥന്‍ നഗറിലും നേരത്തെ ഇത്തരം സംഭവമുണ്ടായിട്ടുണ്ട്. 2022 ജൂലൈ മാസത്തില്‍ ലഭിച്ച വൈദ്യുതി ബില്ലില്‍ 12,91,845 രൂപയായിരുന്നു തുക. സെക്കിഴാര്‍ സ്‌ട്രീറ്റില്‍ താമസിക്കുന്ന ശരവണന്‍റെ വീട്ടിലാണ് സംഭവം.
ടിവി മെക്കാനിക് ജോലിയും വാച്ച്മാന്‍ ജോലിയുമെല്ലാം ചെയ്യുന്ന ശരവണ്‍ ബില്‍ കണ്ട് ഞെട്ടി. വാടക വീട്ടിലാണ് ശരവണന്‍ താമസിക്കുന്നത്. നേരെ കെഎസ്‌ഇബി ഓഫിസിലെത്തിയ ശരവണന്‍ വിവരം അറിയിച്ചു.
also read:Electricity Bill: ഷോക്കടിപ്പിച്ച് ഇലക്‌ട്രിസിറ്റി ബില്‍, ഒരുമാസത്തെ ഉപയോഗത്തിന് 7 ലക്ഷം രൂപ; സംഭവം കര്‍ണാടകയില്‍
മീറ്ററിലെ റീഡിങ് 20,630 ആയിരുന്നു. എന്നാല്‍ നല്‍കിയിരിക്കുന്ന ബില്ലില്‍ 2,11,150 ആണ്. പരാതിയുമായി മൂന്ന് തവണ കെഎസ്‌ഇബി ഓഫിസില്‍ കയറിയിറങ്ങിയെങ്കിലും പിന്നീട് വരാന്‍ ആവശ്യപ്പെട്ടതല്ലാതെ മറ്റൊരു വിവരവും ലഭിച്ചില്ല. വൈദ്യുതി ബില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രചരിച്ചതോടെ ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. സാങ്കേതിക പിഴവാണെന്നും ബില്ലില്‍ അധികമൊരു പൂജ്യം ചേര്‍ന്നതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.