ന്യൂഡല്‍ഹി:സുപ്രീം കോടതി മുന്‍ ജസ്‌റ്റിസ് അബ്‌ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിച്ചു. പരമോന്നത നീതിപീഠമായ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ജസ്‌റ്റിസ് അബ്‌ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് അനുമതി നല്‍കിയുള്ള വിധി പുറപ്പെടുവിച്ച ബെഞ്ചിലെ ഏക ന്യൂനപക്ഷ ജഡ്‌ജിയായിരുന്നു ജസ്‌റ്റിസ് അബ്‌ദുല്‍ നസീര്‍.
ചരിത്രവിധിയുടെ ഭാഗം:ഹിന്ദു മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഏറെക്കാലത്തെ തര്‍ക്ക വിഷയമായിരുന്നു രാമ ജന്മഭൂമി ക്ഷേത്രവും ബാബരി മസ്‌ജിദും. എന്നാല്‍ 2019 നവംബര്‍ ഒമ്പതിന് ഇതില്‍ സുപ്രീം കോടതി അന്തിമവിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിലെ അംഗമായിരുന്നു ജസ്‌റ്റിസ് എസ്. അബ്‌ദുല്‍ നസീര്‍. 2016 ലെ നോട്ട് നിരോധ നടപടി ശരിവച്ച ഭരണഘടന ബെഞ്ചിനെ നയിച്ചതും ജസ്‌റ്റിസ് അബ്‌ദുല്‍ നസീറായിരുന്നു. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, നേതാക്കൾ എന്നിവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചിരുന്നു.
അഭിഭാഷകനില്‍ നിന്ന് ജസ്‌റ്റിസിലേക്ക്:1958 ജനുവരി അഞ്ചിന് കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ ബെലുവായിലാണ് ജസ്‌റ്റിസ് അബ്‌ദുല്‍ നസീറിന്‍റെ ജനനം. മംഗളൂരുവിലെ എസ്‌ഡിഎം ലോ കോളജില്‍ നിന്ന് നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം 1983 ഫെബ്രുവരി 18 ന് അഭിഭാഷകനായി എന്‍ റോള്‍ ചെയ്‌തു. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ പ്രാക്‌ടീസ് ആരംഭിച്ച അദ്ദേഹം 2003 മെയ് 12 ന് അഡീഷണല്‍ ജഡ്‌ജിയായി നിയമിതനായി. 2004 സെപ്‌റ്റംബര്‍ 24 ന് സ്ഥിരം ജഡ്‌ജിയായ അദ്ദേഹം 2017 ഫെബ്രുവരി 17 നാണ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിയായി വിരമിച്ചത്.
വിവാദങ്ങള്‍ക്കൊപ്പവും:മുത്തലാഖ് വിഷയം, സ്വകാര്യതയ്ക്കുള്ള അവകാശം, അയോധ്യ കേസ്, 2016 ലെ നോട്ട് നിരോധനം സംബന്ധിച്ച് അടുത്തിടെയുണ്ടായ വിധി, നിയമ നിര്‍മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഉള്‍പ്പടെയുള്ള നിരവധി സുപ്രധാന ഭരണഘടന ബെഞ്ച് വിധികളില്‍ ജസ്‌റ്റിസ് അബ്‌ദുല്‍ നസീര്‍ ഭാഗമായിരുന്നു. അതേസമയം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റായ ധാരണ പടരുന്നുണ്ടെങ്കിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ പഴയതുപോലെ പരിതാപകരമല്ലെന്ന് ജസ്‌റ്റിസ് അബ്‌ദുല്‍ നസീര്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.