ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ. ബിജെപി നേതാവായിരുന്ന ഷെട്ടാർ ഇന്നലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്. തുടർന്ന് ഇന്ന് രാവിലെ ബെംഗളൂരുവിലെ കോൺഗ്രസ് ഓഫിസിൽ എത്തി അംഗത്വം സ്വീകരിക്കുകയായിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പാർട്ടി പ്രവേശനം. ഷെട്ടാര്‍ ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. ഇതേ മണ്ഡലത്തില്‍ ബിജെപി ഇത്തവണ ടിക്കറ്റ് നൽകാത്തതിനെ തുടർന്നാണ് ഷെട്ടാർ പാര്‍ട്ടി വിട്ടത്.
ജഗദീഷ് ഷെട്ടാറിന് പ്രത്യേക ആമുഖം നൽകേണ്ടതില്ലെന്നും അദ്ദേഹം ചേരുന്നത് കോൺഗ്രസിന്‍റെ ആവേശം വർധിപ്പിക്കുമെന്നും പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആർഎസ്എസിലും ജനസംഘത്തിലും പ്രവർത്തിച്ചിരുന്നുവെങ്കിലും ഇതുവരെ വിവാദങ്ങള്‍ സൃഷ്‌ടിക്കാത്ത വ്യക്തിത്വമാണ് അദ്ദേഹം. 150 സീറ്റുകളാണ് തങ്ങളുടെ ലക്ഷ്യം. ഷെട്ടാർ പാർട്ടിയിൽ ചേർന്നതോടെ ലക്ഷ്യത്തിലെത്തുമെന്ന് ഉറപ്പായെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജഗദീഷ് ഷെട്ടാർ തങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. യാതൊരു വാഗ്‌ദാനവും അദ്ദേഹത്തിന് തങ്ങൾ നൽകിയിട്ടുമില്ല. പാർട്ടിയുടെ തത്വങ്ങളോടും നേതൃത്വത്തോടും അദ്ദേഹത്തിന് യോജിക്കേണ്ടിവരും. രാജ്യത്തെ ഒരുമയോടെ നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും കോൺഗ്രസിന് മാത്രമേ അത് ചെയ്യാൻ കഴിയൂ എന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ മനം മടുത്ത് ഞാൻ എന്‍റെ എംഎൽഎ സ്ഥാനം രാജിവച്ചു, അടുത്ത നീക്കം പ്രവർത്തകരുമായി ചർച്ച ചെയ്യും. പതിവുപോലെ, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും എന്നോടൊപ്പമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു'- ജഗദീഷ് ഷെട്ടാർ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്‌തിരുന്നു.
ജഗദീഷ് ഷെട്ടാർ അപമാനിക്കപ്പെട്ടതോടെ ബിജെപി ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ഷെട്ടാറിന്‍റെ രാജിയിൽ ഇന്നലെ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്‍റെ രാജി വേദനാജനകമാണെന്നും ബിജെപി അധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഷെട്ടാറിന് ഡൽഹിയിൽ വലിയ പദവി വാഗ്‌ദാനം ചെയ്‌തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് അവസരം നൽകുന്നതിന്‍റെ ഭാഗമായാണ് ഷെട്ടാറിന് സീറ്റ് നൽകാതിരുന്നത് എന്നാണ് വിഷയത്തിൽ ബിജെപിയുടെ വിശദീകരണം.
ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് ആറ് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ഷെട്ടാർ. എന്നാൽ, ഇത്തവണ ഇവിടെ പുതിയ ഒരാളെ പരിഗണിക്കാമെന്നായിരുന്നു പാർട്ടി തീരുമാനം. ഇതേ തുടര്‍ന്നാണ് ശനിയാഴ്‌ച ഷെട്ടാർ രാജി പ്രഖ്യാപിച്ചത്.
Also read :കർണാടകയിൽ ബിജെപിക്ക് തിരിച്ചടി: മുൻ ഉപമുഖ്യമന്ത്രി ലക്ഷ്‌മൺ സവാദി കോൺഗ്രസ് അംഗത്വം സ്വീകരിക്കും
തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനാലാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നുമായിരുന്നു ഷെട്ടാറിന്‍റെ പ്രതികരണം. അതേസമയം, ഷെട്ടാർ ബിജെപിയിലേക്ക് മടങ്ങിയെത്തിയാൽ പാർട്ടി അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്നലെ വ്യക്തമാക്കിയിരുന്നു. മെയ് 10നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. മെയ് 13നാണ് വോട്ടെണ്ണല്‍.