ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ വിഘടനവാദി നേതാവും ഹുറിയത്ത് മുൻ നേതാവുമായ സെയ്‌ദ് അലി ഷാ ഗീലാനി(92) അന്തരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടർന്ന് ബുധനാഴ്ച രാത്രി 10.30ന് ശ്രീനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
1929 സെപ്റ്റംബർ 29ന് വടക്കൻ കശ്‌മീരിലെ സോപോറിൽ ജനിച്ച ഗീലാനി ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ ആയിരുന്നു. പിന്നീട് സ്വന്തമായി വിഘടനവാദ ഗ്രൂപ്പായ തെഹ്രീക്-ഇ-ഹുറിയത്ത് സ്ഥാപിച്ചു. ജമ്മു കശ്മീരിലെ വിഘടനവാദ ആശയങ്ങളെ പിന്തുണക്കുന്ന പാർട്ടികളുടെ കൂട്ടായ്മയായ ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസിന്‍റെ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം.
1972, 1977, 1987 വർഷങ്ങളിൽ സോപോർ മണ്ഡലത്തിൽ നിന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചിരുന്നു. 2019ൽ കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് 2020 ജൂണിൽ ഗീലാനി ഹുറിയത്ത് കോൺഫറൻസിൽ നിന്നും പടിയിറങ്ങി. കഴിഞ്ഞ 10 വർഷമായി നിരവധി തവണ വീട്ടുതടങ്കലിൽ കഴിഞ്ഞു.
Also Read: സ്കൂളുകള്‍ തുറക്കാം, രാത്രി കര്‍ഫ്യു വേണ്ട; സര്‍ക്കാരിന് വിദഗ്ധ നിര്‍ദേശം
ഗീലാനിയുടെ മരണത്തിൽ രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി ഗീലാനിയുടെ മരണത്തിൽ അനുശോചിച്ചു. അതേസമയം, ഗീലാനിയുടെ മരണത്തെ തുടർന്ന് കശ്‌മീർ താഴ്‌വരയിൽ സുരക്ഷ ശക്തമാക്കി.