അല്‍വാര്‍ (രാജസ്ഥാന്‍): അനധികൃത ഭൂമി കയ്യേറ്റമൊഴിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജസ്ഥാനിലെ അല്‍വാറില്‍ അനധികൃതമായി നിര്‍മിച്ച ഗോശാല വനംവകുപ്പ് പൊളിച്ചു നീക്കി. ഏപ്രില്‍ 21നാണ് അല്‍വാറിലെ മൈഥനയിലുള്ള ഹനുമാന്‍ ഗോശാല അധികൃതർ പൊളിച്ചുമാറ്റിയത്. പ്രദേശത്തെ മൂന്ന് പുരാതന ക്ഷേത്രങ്ങള്‍ നഗരസഭ പൊളിച്ചു നീക്കിയതിന് പിന്നാലെയാണ് പുതിയ നടപടി.
രാജസ്ഥാനില്‍ അനധികൃതമായി നിര്‍മിച്ച ഗോശാല പൊളിച്ചുനീക്കി വനംവകുപ്പ്
അല്‍വാറിലെ മൈഥനയിലുള്ള ഗോശാലയാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്
അനധികൃതമായി കയ്യേറിയ 40 ബിഗ (ഏകദേശം 13 ഏക്കര്‍) ഭൂമിയിലാണ് ഗോശാല നിര്‍മിച്ചത്. അനധികൃത കയ്യേറ്റത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗോശാലയിലുണ്ടായിരുന്ന പശുക്കളെ മറ്റൊരിടത്തേക്ക് മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്‌ഗഢിലെ അസിസ്റ്റന്‍റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കോടതിയുടെ 2020ലെ ഉത്തരവ് അനുസരിച്ച്, ഗോശാല ഒഴിയാനും പശുക്കളെ മറ്റൊരിടത്തേക്ക് മാറ്റാനും 2021 ഡിസംബറിൽ ഗോശാലയുടെ നടത്തിപ്പുകാരന് നോട്ടീസ് നൽകിയെങ്കിലും പാലിച്ചില്ലെന്ന് ലക്ഷ്‌മണ്‍ഗഢ് റേഞ്ച് ഓഫിസര്‍ ജതിൻ സെൻ പറഞ്ഞു. 10 ദിവസത്തെ സമയം ഇയാള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് വനംവകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.