ഗയ : ബിഹാറിലെ ബോധ് ഗയയിൽ, ബുദ്ധമത ആത്മീയാചാര്യന്‍ ദലൈലാമയുടെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിസംബർ 23, 24 തിയതികളിൽ ഗയയിലെത്തിയ വിദേശ പൗരന്മാരില്‍ നടത്തിയ വൈറസ് പരിശോധനയിലാണ് ആകെ 11 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ട്, തായ്‌ലൻഡ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്കാണ് രോഗം.
ദലൈലാമയുടെ പ്രഭാഷണത്തിനായി എത്തിയവരില്‍ കൊവിഡ് വ്യാപനം ; 11 വിദേശികള്‍ക്ക് രോഗബാധ - ദലൈലാമ
വരുന്ന 29ാം തിയതി ആരംഭിച്ച് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ദലൈലാമയുടെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാന്‍ ബിഹാറിലെത്തിയ വിദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
ഗയയിലെ സിവിൽ സർജൻ രഞ്ജൻ സിങ്ങാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ് ദലൈലാമയുടെ പ്രഭാഷണ പരിപാടി. 'ഗയയിലെ സ്ഥിതി സാധാരണ ഗതിയിലാണ്. ഇതുവരെ 11 വിദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരേയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നതിന് മുന്‍പ് മാസ്‌ക് ധരിക്കണം' - രഞ്ജൻ സിങ് പറഞ്ഞു.
നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം :40 രാജ്യങ്ങളിൽ നിന്നുള്ള 60,000ത്തിലധികം വിദേശ ഭക്തരാണ് പ്രഭാഷണം കേള്‍ക്കാനായി ഗയയിൽ എത്തുക. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ല ഭരണകൂടം നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പടെ നിരവധി നിബന്ധനകളാണ് നടപ്പിലാക്കിയിട്ടുള്ളത്. അതേസമയം, ദലൈലാമയുടെ പരിപാടിയ്‌ക്കായി പോവുന്നവര്‍ കൊവിഡ് നെഗറ്റീവ് സ്ഥിരീകരിക്കേണ്ടത് നിർബന്ധമാക്കിയതായി ഗയ ജില്ല ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച വിനോദസഞ്ചാരിയുടെ കോൺടാക്‌ട് ട്രേസിങ്ങില്‍ 27 പേരുടെ ആർടിപിസിആർ പരിശോധന നടത്തി. ഇതിൽ രണ്ടുപേരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇരുവരും തായ്‌ലന്‍ഡിലെ ബാങ്കോക്കിൽ നിന്നുള്ളവരായിരുന്നു.