ഭോപ്പാൽ : പാർലമെന്‍റിലെ 'ഫ്ലൈയിങ് കിസ്' വിവാദത്തിൽ പ്രതികരിച്ച് മധ്യപ്രദേശിലെ മുതിർന്ന വനിത ഐഎഎസ് ഓഫിസർ. 'ഒരു ഫ്ലൈയിങ് കിസിൽ ഇത്രയധികം അപമര്യാദ നേരിട്ടുവെങ്കിൽ മണിപ്പൂരിലെ സ്‌ത്രീകൾ എങ്ങനെയെല്ലാം അനുഭവിച്ചിട്ടുണ്ടാകുമെന്ന്' രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച ബിജെപി വനിത എം പിമാരോട് ഐഎഎസ് ഓഫിസർ ഷൈൽബാല മാർട്ടിൻ ചോദിച്ചു. ഇന്നലെ (09.08.23) പാർലമെന്‍റിൽ മണിപ്പൂർ അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കിടെ രാഹുൽ ഗാന്ധി ഫ്ലൈയിങ് കിസ് നൽകിയെന്ന കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ ആരോപണം വലിയ വിവാദമായിരുന്നു.
സംഭവത്തിൽ സ്‌ത്രീകളുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കാൻ നിയമം നിർമിക്കുന്ന സ്ഥലത്ത് നിന്നുണ്ടായ മോശം പെരുമാറ്റം അതീവ ഗുരുതരമാണെന്ന് ബിജെപി വനിത എംപിമാർ പ്രതികരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരിച്ച് വനിത ഐഎഎസ് ഓഫിസർ രംഗത്തെത്തിയത്. നിലവിൽ ഭോപ്പാൽ സെക്രട്ടേറിയറ്റിൽ പൊതുവിതരണ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയാണ് ഷൈൽബാല. ട്വിറ്ററിലൂടെയാണ് ഷൈൽബാല പ്രതികരിച്ചത്.
Read More :പാർലമെന്‍റില്‍ 'ഫ്ലൈയിങ് കിസ്', രാഹുല്‍ ഗാന്ധിക്ക് എതിരെ സ്‌മൃതി ഇറാനി
ട്വീറ്റിനൊപ്പം ബിജെപി വനിത എംപിമാർ ലോക്‌സഭ സ്‌പീക്കർക്ക് അയച്ച കത്തും ഐഎഎസ് ഉദ്യോഗസ്ഥ പങ്കുവെച്ചിരുന്നു. മണിപ്പൂർ വിഷയത്തിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധി പ്രസംഗം പൂർത്തിയാക്കിയതിന് പിന്നാലെ സമൃതി ഇറാനി സംസാരിക്കാൻ എഴുന്നേറ്റിരുന്നു. ഇതേ സമയം, രാഹുൽ സഭയിൽ നിന്നിറങ്ങുമ്പോൾ ഫ്ലൈയിങ് കിസ് നൽകിയെന്ന് സമൃതി ഇറാനി ആരോപിച്ചു.